നിപ: ആശങ്ക നീങ്ങുന്നില്ല

Sunday 3 June 2018 3:25 am IST

കോഴിക്കോട്: നിപ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ ജനം കൂടുതല്‍ ആശങ്കയില്‍. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് കുറഞ്ഞു. ഇതോടെ സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍കുറവാണ് അനുഭവപ്പെടുന്നത്. ആരോഗ്യവകുപ്പിന്റെ സാന്ത്വന വാക്കുകളൊന്നും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നില്ല.

ഹോട്ടലുകള്‍, തിയേറ്ററുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന കേന്ദ്രങ്ങളിലൊന്നും തിരക്കനുഭവപ്പെടുന്നില്ല. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ ഡിസ്‌പെന്‍സറികള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ മിഠായി ത്തെരുവ്, പാളയം എന്നിവിടങ്ങളില്‍ കച്ചവടം നന്നേ കുറഞ്ഞത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 

വിവാഹങ്ങള്‍ വരെ മാറ്റിവെയ്ക്കുന്ന സാഹചര്യമാണ്. പഴ വിപണിയും മാന്ദ്യത്തിലാണ്. വവ്വാല്‍ ഭീതിയില്‍ ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെ വാഴയിലയെ പുറന്തള്ളി. വൈറസ് നിയന്ത്രണവിധേയമായെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദത്തിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പേര്‍ മരിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രസില്‍ മരിച്ചതോടെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബാലുശ്ശേരിയിലെ സന്ധ്യ, സന്തോഷ് സിനിമാ തിയേറ്ററുകള്‍ അടച്ചു. അതില്‍ സന്തോഷ് ടാക്കീസ് താലൂക്ക് ആശുപത്രിയുടെ സമീപത്താണ്.  

സാധാരണ പനി ബാധിച്ചവര്‍ ആശുപത്രികളില്‍ പോകാന്‍ പോലും ഇപ്പോള്‍ ഭയക്കുകയാണ്. നിപ പകരുമോയെന്ന ഭയത്താലാണിത്.മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും രോഗികളുടെ വരവ് കുറഞ്ഞു. താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം പകുതിയായി. 

പേരാമ്പ്ര, നാദാപുരം, കാരശ്ശേരി, പാലാഴി, ബാലുശ്ശേരി ഭാഗങ്ങളില്‍ കടകളിലും ബസ്സുകളിലും ആളുകളില്ല. സ്വകാര്യ ബസ്സുടമകള്‍ സര്‍വ്വീസ് നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടിയില്‍ രണ്ടുപേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറിയില്‍ നിപ ബാധിച്ചു മരിച്ച അഖിലിന്റെ വീട്ടില്‍ പോയവരാണ് ഇവര്‍.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.