കെവിൻ്റെ കൊലപാതകം; സ്പെഷ്യൽ ബ്രാഞ്ചും കുരുക്കിൽ

Sunday 3 June 2018 3:28 am IST

കോട്ടയം: ദളിത് യുവാവ് കെവിന്‍ പി.ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം കൈകാര്യം ചെയ്തതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്‌നം എന്ന നിലയില്‍ ലഘൂകരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഒരാള്‍ രക്ഷപ്പെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും എസ്പിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്ക് ഇടയിലാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞത് ഉച്ചയ്ക്ക് മാത്രമാണെന്നാണ് ആരോപണം. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും തമ്മിലുള്ള ഒത്തൊരുമയില്ലായ്മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ലോക്കല്‍ പോലീസ് നല്‍കിയ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാതെ അതേപടി എസ്പിയെ ധരിപ്പിച്ചതാണ് വിനയായത്. ഇതിനെ ചൊല്ലി ജില്ലയിലെ പോലീസിനുള്ളില്‍ ചേരിതിരിവ് ശക്തമായി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ച മറയ്ക്കാന്‍ സംഭവങ്ങളുടെ ഉത്തരവാദിത്വം മുഴുവന്‍ ലോക്കല്‍ പോലീസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. 

കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ വിശദാംശങ്ങള്‍ പുറത്ത് പോയതും സ്‌പെഷ്യല്‍ ബ്രാഞ്ചിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങളും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരവുമാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. ഇത് പോലീസിലെ ഒരു വിഭാഗമാണ് ചോര്‍ത്തിക്കൊടുത്തതെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച നീനുവിന്റെ പരാതി ഗാന്ധിനഗര്‍ എസ്‌ഐ സ്വീകരിക്കാതിരുന്നത് ഏറെ വിവാദമായി. 

തുടര്‍ന്ന് തന്റെ സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായപ്പോള്‍ സുരക്ഷാ ഡ്യൂട്ടിക്ക് ഗാന്ധിനഗര്‍ എസ്‌ഐയും ഉള്‍പ്പെട്ടെന്ന് വ്യക്തമായി. ഇതോടെ മുഖ്യമന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് സുരക്ഷാവിവരങ്ങള്‍ എങ്ങനെ പുറത്ത് പോയെന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം കൊടുത്തത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.