കരാര്‍ ലംഘിച്ച് പാക് വെടിവപ്പെ്: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Sunday 3 June 2018 10:11 am IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 12 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ എസ്.എന്‍. യാദവ് (48), കോണ്‍സ്റ്റബിള്‍ വി.കെ. പാണ്ഡേ (24) എന്നിവരാണ് വീരമൃത്യു വരിച്ചത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ധാരണയുണ്ടാക്കി നാലുദിവസം മാത്രം പിന്നിടുമ്പോഴാണ് പാക് നടപടി. 

21 പേരടങ്ങിയ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സംഘം പുലര്‍ച്ചെ 2.15ഓടെ പ്രഗ്‌വാല്‍ സെക്ടറിലെ ജമന്‍ ബേലെ പോസ്റ്റിലെ 33-ാം ബറ്റാലിയനു നേരെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

ഈ മാസം 28നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രതയാണ് മേഖലയില്‍ പുലര്‍ത്തുന്നത്. നുഴഞ്ഞു കയറിയ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെയും ചാവേറുകളെയും നിയന്ത്രണരേഖയ്ക്കടുത്ത് വിന്യസിച്ചതായി വിവരമുണ്ട്. ഈ മാസം ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സുരക്ഷ പരിശോധിക്കാന്‍ കശ്മീരിലെത്തുന്നുണ്ട്.  

അതേസമയം കശ്മീരില്‍ നിന്നും കാണാതായ യുവാവ് ഭീകരവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മെയ് 26ന് ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള ഷംസുല്‍ ഹഖ് മെഗ്നോയെയാണ് കാണാതായത്. ഇയാള്‍ അവിടെ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.