ഈശ്വരസ്മരണ

Monday 4 June 2018 2:01 am IST

ഈശ്വരസ്മരണ നിരന്തരം വേണം. എവിടെ കഴിയുമ്പോഴും എല്ലാ സമയത്തും ജീവിതത്തിലെ ഏതു പരിത:സ്ഥിതിയിലും ഇത് ആവശ്യമാണ്. ഹൃദയസ്പന്ദനംപോലെ ചിന്തയും അഭിവാഞ്ഛയും ഈശ്വരനില്‍ തങ്ങിനില്‍ക്കണം.

ഭാഗ്യവും നിര്‍ഭാഗ്യവും,സുഖവും ദു:ഖവും,വിജയവും പരാജയവും,ബഹുമതിയും നിന്ദയും,പരിശ്രമവും പ്രലോഭനങ്ങളും എല്ലാം ലൗകികാനുഭവങ്ങളാണ്. അവ വരുകയും പോവുകയും ചെയ്യും. പക്ഷേ ഈ സംഭവങ്ങളിലും സന്ദര്‍ഭങ്ങളിലുമെല്ലാം നിങ്ങളുടെ മനസ്സ് നിരന്തരമായ സുദൃഢസ്മരണയില്‍ നങ്കൂരമുറപ്പിച്ചിരിക്കണം. 

ഈശ്വരസ്മരണ സഹജസ്വഭാവമായിക്കഴിഞ്ഞാ ല്‍ ആവശ്യമുള്ളപ്പോഴെല്ലാം -വിപല്‍ഘട്ടങ്ങളിലും,അജ്ഞതയിലും ധര്‍മ്മസങ്കടാവസ്ഥകളിലുമെല്ലാം-നിങ്ങളെ സംരക്ഷിക്കാന്‍ ഈശ്വരന്‍ വന്നുചേരും. വിധിവൈപരീത്യത്തിനു കീഴടങ്ങാനും,സന്ദേഹത്തിന് അടിമപ്പെടാനും,നിരാശയില്‍ മുങ്ങിത്താഴാനും ഈശ്വരന്‍ നിങ്ങളെ അനുവദിക്കുകയില്ല. 

ഈശ്വരനെപ്പറ്റി ഒരാശയം മനസ്സില്‍വെച്ചു പുലര്‍ത്തുന്നതല്ല സ്മരണ. അത് പരമാത്മാവിനോട്,കരുണാമയനോട്,നിസ്സീമപ്രേമസ്വരൂപനായ രക്ഷിതാവിനോടുള്ള പ്രേമപൂര്‍ണ്ണമായ (ആനന്ദകരമായ)ഒരു നിശ്ശബ്ദപ്രാര്‍ത്ഥനയാണ്. മത്സ്യത്തിനു ജലമെന്നപോലെ,മൃദുവായ കുരുന്നു ചെടിക്ക് സൂര്യപ്രകാശവും വെള്ളവുമെന്നപോലെ ദൈനന്ദിനജീവിതായോധനത്തില്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ ആവശ്യം തീവ്രമായി അനുഭവമാകണം. എങ്കില്‍മാത്രമേ നിങ്ങളുടെ അന്തസ്സത്തയുടെ അഗാധതയില്‍നിന്ന് സ്മരണ ഉദിക്കുകയുള്ളു. 

നിങ്ങളുടെ മാനസികാവസ്ഥയും,വീക്ഷണവും,അഭിപ്രായങ്ങളും,ഭാവവും മാറിയെന്നു വരാം. ജീവിതത്തിന്റെ സംഭവഗതികളും മാറിയെന്നു വരാം. പ്രകൃതിയിലെ സര്‍വ്വവും മാറിയേക്കാം.പക്ഷേ ഈശ്വരന്റെ പ്രേമാത്മകമായ കാരുണ്യഭാവം മാത്രം ഒരിക്കലും മാറുകയില്ല.ഈശ്വരന്‍ ഗുഹ്യാല്‍ ഗുഹ്യതമനാണെങ്കിലും സദാപി പ്രേമസ്വരൂപനാണ്.    

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.