ആരോഗ്യ വകുപ്പ് നിസ്സംഗതയില്‍ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Sunday 3 June 2018 9:22 pm IST

 

കണ്ണൂര്‍: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. ആരോഗ്യ വകുപ്പ് നിസ്സംഗതയില്‍. ഇന്നലെ മാത്രമായി 467 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 7 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയോടൊപ്പം മഞ്ഞപ്പിത്തം, എലിപ്പനി, അതിസാരം, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളും വ്യാപകമായി പടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സ്വാകാര്യ ആശുപത്രികളിലും ജനങ്ങള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. അവയുടെ കണക്കുകള്‍ നോക്കിയാല്‍ ജില്ലയിലെ പനിബാധിതരുടെ എണ്ണം പതിന്മടങ്ങായി വര്‍ദ്ധിക്കും. 

കുട്ടികള്‍ക്കാണ് വ്യാപകമായി വൈറന്‍പ്പനി ബാധിക്കുന്നത്. ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലെ ശിശുരോഗ വിഭാഗത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത നിലയിലാണ്. ജില്ലയിലെ ഒട്ടുമിക്ക ഇടങ്ങളിലും മഴക്കാല പൂര്‍വ്വ ശൂചികരണ പ്രവൃത്തികള്‍ വേണ്ട രീതിയില്‍ ചെയ്യാത്തതിനാലാണ് ജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. കൊതുകുകളുടെ വ്യാപനവും പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനാലാണ് കൊതുകുകള്‍ പെരുകുന്നത്. നഗരസഭയും ആരോഗ്യവകുപ്പും മാലിന്യ നിക്ഷേപങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പലയിടങ്ങളിലും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവിടെല്ലാം ഈ പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയാണ്. 

 സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ പലയിടത്തും ജനങ്ങള്‍ മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് ഡോക്ടര്‍മാരെ കാണുന്നത്. ക്യൂ നില്‍ക്കുന്നവരില്‍ പലരും തളര്‍ന്നു വീഴുന്നതും പതിവ് കാഴ്ചകളാണ്. തളര്‍ന്നു വീഴുന്നവരെ പരിചരിക്കുന്നതിനായി വേണ്ടത്ര സൗകര്യങ്ങള്‍ പല ആശുപത്രികളിലുമില്ല. കൂടാതെ ജീവനക്കാരുടെ കുറവ് മൂലം രോഗികളും ആശുപത്രി അധികൃതരും തമ്മില്‍ എന്നും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും പതിവാണ്. 

 സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര രീതീയില്‍ ചികിത്സ ലഭിക്കാത്തതിനാലും ഡോക്ടര്‍മാരുടെ സേവനം കുറവായതിനാലുമാണ് ഭൂരിഭാഗം ജനങ്ങളും സ്വകാര്യ ആശുപത്രികളെ ചികിത്സക്കായി ആശ്രയിക്കുന്നത്. ഇത് സ്വകാര്യ ആശുപത്രികള്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രിയില്‍ നിസാര രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ നടത്തുവാന്‍ നിര്‍ദ്ദേശിക്കുന്നതായും ആരോപണം ഉയരുന്നു. ഇത്തരത്തില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ ടെസ്റ്റുകളും മറ്റും നടത്തിക്കഴിഞ്ഞ് വലിയ ബില്ലുകളുമായാണ് മടങ്ങിപ്പോകുന്നത്. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിനപ്പുറമാണ്. ഇത്തരത്തിലുള്ള സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.