ജില്ലയില്‍ വാഹനപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു : ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവന്‍ ലൈസന്‍സില്ലാതെയും അശ്രദ്ധമായും ഡ്രൈവിംങ് ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു : അധികൃതര്‍ നിസ്സംഗതയില്‍

Sunday 3 June 2018 9:23 pm IST

 

കണ്ണൂര്‍: ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി നടന്ന അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി യുവാക്കള്‍. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചന്ദനക്കാംപാറ ചാപ്പക്കടവില്‍ കലുങ്കിനിടിച്ച് കെഎസ്ഇബി ലൈന്‍ തകര്‍ത്ത് തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ ദിനംപ്രതി കൂടികൂടി വരികയാണ്. മഴ പെയ്തുതുടങ്ങിയതോടെയാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ലൈസന്‍സില്ലാതെയും അശ്രദ്ധമായും ഡ്രൈവിംങ് ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. പലയിടങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളും കാറുമായി ചീറിപ്പായുന്ന കാഴ്ച പതിവായിരിക്കുകയാണ്. ചെറുതും വലുതുമായ അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണെന്ന ആരോപണം ശക്തമാണ്. 

 കഴിഞ്ഞ 30 ന് രാത്രി ഓണക്കുന്ന് ജംഗ്ഷന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കരിവെള്ളൂര്‍ ഓണക്കുന്ന് ദേശീയപാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കണ്ടങ്കാളി സ്വദേശിയും കരിവെള്ളൂര്‍ മണക്കാട്ട് താമസിക്കുന്ന ഇലക്ട്രീഷ്യന്‍ എടാടന്‍ വിനോദ് കുമാറാണ് (47)മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരിവെള്ളൂര്‍ ചെറുമൂലയിലെ ഉണ്ണി എന്ന ശ്രീകാന്ത് പൊതുവാള്‍(29) പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ 26ന് വൈകുന്നേരം ദേശീയപാത പയ്യന്നൂരിനും കോത്തായിമുക്കിനും ഇടയിലുള്ള കെഎസ്ഇബി ഓഫീസിനു മുന്നില്‍ പിക്കപ്പ് വാനില്‍ ബൈക്കിടിച്ച് കരിവെള്ളൂര്‍ സ്വദേശികളായ അച്ഛനും മകനും മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണ് വീണ്ടും അപകടമുണ്ടായത്. ചെറിയ ചാറ്റല്‍മഴയുണ്ടായരുന്ന വൈകുന്നേരമാണ് പയ്യന്നൂരില്‍ നിന്നും കരിവെള്ളൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരിവെള്ളൂര്‍ കട്ടച്ചേരിയിലെ റിട്ട.എസ്.ഐ എം.രവീന്ദ്രന്‍(58), മകന്‍ അര്‍ജുന്‍ (20) എന്നിവര്‍ മരണത്തിനു കീഴടങ്ങിയത്. അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം. ഇതിനു പിന്നാലെയാണ് ചെറുപുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിക്കുന്നത്. 

കരിയക്കരയിലെ അഴകത്ത് ചാക്കോയുടെ മകന്‍ ടോണി (18), കക്കയംചാലിലെ കേഴപ്ലാക്കല്‍ സജിയുടെ മകന്‍ അഭിഷേക്(18) എന്നിവര്‍ പാടിയോട്ടുചാലില്‍ നിന്നും ചെറുപുഴയിലേക്ക് വരുന്നതിനിടെ എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ 28 ന് വൈകുന്നേരം 5.30ഓടെ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി വിദേശത്തു നിന്നെത്തിയ ചെക്കിക്കുളം ടൗണിലെ ടാക്‌സി െ്രെഡവര്‍ പിലാക്കല്‍ ഹേമന്ദരാജിന്റെ മകന്‍ ഹിതിന്‍ രാജ് (25) മരിച്ചതും ടിപ്പര്‍ ലോറിയിടിച്ചാണ്. ചെക്കിക്കുളം ഭാഗത്തു നിന്ന് ഹിതിന്‍ രാജ് ഓടിച്ച സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ചായിരുന്നു അപകടം നടന്നത്. സുഹൃത്ത് ശ്രാവണ്‍(20) പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. 

വടകര കൈനാട്ടിയില്‍ 21ന് രാത്രിയിലാണ് കണ്ടെയ്‌നര്‍ ലോറിയില്‍ കാറിടിച്ച് നാടിനെ ഞെട്ടിച്ച നാല് യുവാക്കളുടെ ജീവന്‍ അപഹരിച്ച അപകടം നടന്നത്. അടുത്തിടെയുണ്ടായ ഏറ്റവും വലിയ അപകടം കൂടിയായരുന്നു ഇത്. തലശ്ശേരി പുനോല്‍ സ്വദേശികളായ നാല് യുവാക്കളാണ് തല്‍ക്ഷണം റോഡില്‍ മരിച്ചു വീണത്. തലശ്ശേരി കുറിച്ചിയില്‍ പറയങ്ങാട്ട് ഹാരിസിന്റെ മകന്‍ സഹീര്‍(20), പുന്നോല്‍ റൂഫിയ മന്‍സില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍(22),പുന്നോല്‍ കുറിച്ചിയില്‍ സൈനബാഗില്‍ ഇസ്മായിലിന്റെ മകന്‍ അനസ്(19)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അപകടങ്ങള്‍ അടിക്കടി ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. മഴയെത്തിയതോടെ റോഡിന്റെ ശോച്യാവസ്ഥയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമാവുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.