കൊട്ടിയൂര്‍ വൈശാഖോത്സവം; തിരുവോണം ആരാധാന ഇന്ന്, ഇളനീര്‍വെപ്പ് നാളെ

Sunday 3 June 2018 9:25 pm IST

 

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധന ഇന്ന് നടക്കും. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും വാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയിലെത്തിക്കും. വേക്കളം കരോത്തുനിന്നും സ്ഥാനികന്‍ മൂന്ന് വീതം മുളംകുറ്റികളില്‍ പാലമൃത് നിറച്ച് അവയുടെ വായ വാട്ടിയ ഇലകൊണ്ട് മൂടിക്കെട്ടി കവൂള്‍ നാരു കൊണ്ട് ബന്ധിച്ച് തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരിലെത്തിക്കുന്ന പാലമൃതാണ് ആരാധനയ്ക്ക് ഉപയോഗിക്കുക. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞാല്‍ ശീവേലിക്ക് സമയമറിയിച്ച് 'ശീവേലിക്ക് വിളിക്കുന്നതോടെ' എഴുന്നള്ളത്തിന് തുടക്കമാവുന്നു. തിരുവോണ ആരാധന ദിവസം മുതല്‍ ശീവേലിക്ക് വിശേഷവാദ്യങ്ങള്‍ ആരംഭിക്കും. ആനകള്‍ക്ക് സ്വര്‍ണ്ണവും വെളളിയും കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റെലങ്കാരങ്ങളും ഉണ്ടാവുകയും ചെയ്യും. മാത്രമല്ല ആരാധന ദിവസങ്ങളില്‍ ഭണ്ഡാരങ്ങള്‍ ശിവേലിക്ക് അകമ്പടിയായി ആരംഭിക്കുന്നു. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങള്‍ക്ക് തുടക്കമാവുക. പൊന്നിന്‍ ശീവേലിയാണ് നടക്കുക. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യും. ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് പൂര്‍ണരൂപത്തില്‍ ആരംഭിക്കുന്നത് .നാളെയാണ് ഇളനീര്‍വെപ്പ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.