ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി

Monday 4 June 2018 2:07 am IST

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകരെ കൊന്നു കെട്ടിത്തൂക്കിയ ബംഗാളില്‍ ക്രമസമാധാനപാലനം പരാജയപ്പെട്ടെന്നും രാഷ്ട്രപതി ഭരണം വേണമെന്നും ബിജെപി. 

സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടു ബിജെപി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കിയത്. മെയ് 30ന് ബലറാംപൂര്‍ കോളേജ് വിദ്യാര്‍ഥിയും ദളിതനുമായ ത്രിലോചന്‍ മഹാതോയും (20), ജൂണ്‍ രണ്ടിന് ഗോപാല്‍ദി സ്വദേശി ദുലാല്‍ കുമാറാ (30)ണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തിനിടെ പുരുളിയ ജില്ലയിലെ ബലറാംപൂരിലുണ്ടായ സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുരുളിയയില്‍ ബിജെപി 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി. 

പുരുളിയ എസ്പി ജോയ് ബിശ്വാസിനെ നീക്കിയെങ്കിലും കേസന്വേഷണം സിഐഡി വിഭാഗത്തിനു കൈമാറുന്നതില്‍ വിശ്വാസമില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗ്യ കത്തയച്ചു. 

ദുലാല്‍ കുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും താന്‍ എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നെന്നും മതിയായ സംരക്ഷണം നല്‍കുമെന്നാണ് മറുപടി നല്‍കിയതെന്നും ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് വിജയ് വര്‍ഗ്യ കത്തയച്ചത്. 

പുരുളിയ കൊലപാതകങ്ങള്‍ തീര്‍ത്തും മനുഷ്യത്വരഹിതമാണെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊലപാതകങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അനുഭാവികളും പ്രവര്‍ത്തകരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയത് തൃണമൂലിന് തിരിച്ചടിയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.