വെടിയേറ്റു മരിച്ച പാലസ്തീന്‍ നഴ്‌സിന് ആയിരങ്ങളുടെ ആദരാഞ്ജലി

Monday 4 June 2018 2:08 am IST
വെടിയേല്‍ക്കുന്നതിനു തൊട്ടു മുമ്പുവരെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ഓടി നടക്കുന്ന റസാന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ബുള്ളറ്റ് തുളഞ്ഞു കയറിയ റസാന്റെ ഓവര്‍കോട്ട് ഉയര്‍ത്തിപ്പിടിച്ച്, ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി, പാലസ്തീന്‍ പതാക പുതപ്പിച്ചാണ് ഗാസയിലെ തെരുവുകളിലൂടെ വിലാപയാത്രയായി മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്.

ഗാസ: ജോലിക്കിടെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പാലസ്തീനിലെ നഴ്‌സ് റസാന്‍ അല്‍-നജാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഗാസയില്‍ ഇസ്രയേല്‍ സൈനികരും പാലസ്തീനിലെ ഹമാസ് വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുപത്തൊന്നുകാരിയായ റസാന്‍ അല്‍-നജാര്‍ വെടിയേറ്റു മരിച്ചത്. ഇന്നലെ ഗാസയില്‍ ആയിരക്കണക്കിനു പാലസ്തീന്‍കാരുടെ സാന്നിധ്യത്തില്‍ റസാന്റെ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. 

കഴിഞ്ഞ കുറച്ചു ദിവസമായി ഗാസ അതിര്‍ത്തിയില്‍ ഇസ്രയേലും പാലസ്തീന്‍ വിമതരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുകയാണ്. ഹമാസ് തീവ്രവാദികള്‍ തൊടുത്ത റോക്കറ്റുകള്‍ക്ക് വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ മറുപടി നല്‍കിയത്. സംഘര്‍ഷത്തില്‍ നൂറിലേറെ പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ വെള്ളിയാഴ്ചയാണ് റസാനു വെടിയേറ്റത്. 

വെടിയേല്‍ക്കുന്നതിനു തൊട്ടു മുമ്പുവരെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ഓടി നടക്കുന്ന റസാന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ബുള്ളറ്റ് തുളഞ്ഞു കയറിയ റസാന്റെ ഓവര്‍കോട്ട് ഉയര്‍ത്തിപ്പിടിച്ച്, ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി, പാലസ്തീന്‍ പതാക പുതപ്പിച്ചാണ് ഗാസയിലെ തെരുവുകളിലൂടെ വിലാപയാത്രയായി മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്. ആയിരക്കണക്കിനാളുകള്‍ വിലാപയാത്രയെ അനുഗമിച്ചു. 

സംഭവത്തില്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇസ്രയേല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് റസാനു വെടിയേറ്റതെന്ന് പാലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയുടെ അറിയിപ്പില്‍ പറയുന്നു. സംഘര്‍ഷ പ്രദേശങ്ങളില്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നവര്‍ക്കു നേരെ വെടിവയ്ക്കുന്നത് ജനീവ കരാര്‍ പ്രകാരം യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

അതിര്‍ത്തി കടന്ന് പ്രക്ഷോഭകര്‍ എത്തുമെന്ന ഘട്ടത്തിലാണ് വെടിവെക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. കഴിഞ്ഞ കുറച്ചു ദിവസമായി ഹമാസ് എന്ന ഭീകര സംഘടന അതിര്‍ത്തിയില്‍ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.