റോഹിങ്ക്യകളെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് മ്യാന്മര്‍

Monday 4 June 2018 2:10 am IST
റോഹിങ്ക്യകള്‍ ഏറ്റവുമധികം അധിവസിക്കുന്ന മ്യാന്മറിലെ രഖിനെ സംസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സംരക്ഷണം ഒരുക്കും. അഭയാര്‍ത്ഥികളായെത്തിയവരെ തിരികെ അയക്കാന്‍ ബംഗ്ലാദേശ് സജ്ജമാണെങ്കില്‍ അവരെ മ്യാന്മര്‍ സ്വീകരിക്കും. രഖിനെ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ മാത്രമല്ല പ്രശ്‌നം നേരിട്ടത്, ബുദ്ധരും ഹിന്ദുക്കളും മറ്റു ന്യൂനപക്ഷങ്ങളും സമാനമായ സ്ഥിതികള്‍ നേരിട്ടിരുന്നു, സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

ന്യൂദല്‍ഹി: വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് മ്യാന്മര്‍. ബംഗ്ലാദേശ് തയാറാവുകയാണെങ്കില്‍ അവിടെയുള്ള ഏഴുലക്ഷം അഭയാര്‍ത്ഥികളെ ഏറ്റെടുക്കുമെന്നും മ്യാന്മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തവാങ് തുന്‍ പറഞ്ഞു. സിംഗപ്പൂരില്‍ ചേര്‍ന്ന ഷാങ്ഗ്രി ലാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു തവാങ് തുന്‍.

റോഹിങ്ക്യകള്‍ ഏറ്റവുമധികം അധിവസിക്കുന്ന മ്യാന്മറിലെ രഖിനെ സംസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സംരക്ഷണം ഒരുക്കും. അഭയാര്‍ത്ഥികളായെത്തിയവരെ തിരികെ അയക്കാന്‍ ബംഗ്ലാദേശ് സജ്ജമാണെങ്കില്‍ അവരെ മ്യാന്മര്‍ സ്വീകരിക്കും. രഖിനെ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ മാത്രമല്ല പ്രശ്‌നം നേരിട്ടത്, ബുദ്ധരും ഹിന്ദുക്കളും മറ്റു ന്യൂനപക്ഷങ്ങളും സമാനമായ സ്ഥിതികള്‍ നേരിട്ടിരുന്നു, സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. 

മ്യാന്മറില്‍ യുദ്ധം നടക്കുന്നില്ല. അതിനാല്‍ തന്നെ റോഹിങ്ക്യന്‍ പ്രശ്‌നം യുദ്ധകുറ്റമല്ല. മനുഷ്യത്വത്തിനെതിരായ കുറ്റമാണോ എന്നു ചോദിച്ചാല്‍ അതിന് തെളിവുകള്‍ ആവശ്യമാണെന്നും തവാങ് തുന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രഖിനെ സംസ്ഥാനത്ത് നടന്ന കാര്യങ്ങളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മ്യാന്മറും ബംഗ്ലാദേശും ജനുവരിയില്‍ ധാരണയിലെത്തിയിരുന്നു. രണ്ടുവര്‍ഷം കൊണ്ട് മുഴുവന്‍ അഭയാര്‍ത്ഥികളെയും തിരികെ കൊണ്ടുപോകാനാണ് മ്യാന്മര്‍ ലക്ഷ്യമിടുന്നത്. രഖിനെ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളെപ്പറ്റിയും സൈനിക നടപടികളെപ്പറ്റിയും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുമെന്നും ലോകസമൂഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

രണ്ടു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചിരിക്കുന്നത്. ഇവരെ തിരികെ സ്വീകരിക്കുന്ന കാര്യത്തില്‍ മ്യാന്മര്‍ ഇന്ത്യക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന റോഹിങ്ക്യകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും ഇവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയക്കുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.