റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയാല്‍ തിരിച്ചടിയെന്ന് സൗദി; ഖത്തര്‍ ഉപരോധത്തിന് ഒരു വര്‍ഷം

Monday 4 June 2018 2:12 am IST
1990ല്‍ സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ നടത്തിയ അധിനിവേശത്തിനു സമാനമാണ് ഉപരോധമെന്ന് റൈസ് യൂണിവേഴ്‌സിറ്റിയുടെ ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഫെല്ലോ ആയ ക്രിസ്റ്റിയന്‍ അള്‍റിച്ച്‌സന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമയോടെയിരിക്കുകയെന്നത് പ്രയാസകരമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദോഹ: ഖത്തര്‍ റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. റഷ്യയില്‍ നിന്നും എസ്- 400 മിസൈല്‍ വാങ്ങാനുള്ള തീരുമാനമാണ് സൗദിയെ ചൊടിപ്പിച്ചത്. ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് സൗദി ഭരണാധികാരി കത്ത് നല്‍കിയതായി സൂചന.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നീ നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഉപരോധത്തിലൂടെ ജയവും പരാജയവുമല്ല, പുതിയ ഗള്‍ഫ് മേഖലയെ സൃഷ്ടിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

1990ല്‍ സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ നടത്തിയ അധിനിവേശത്തിനു സമാനമാണ് ഉപരോധമെന്ന് റൈസ് യൂണിവേഴ്‌സിറ്റിയുടെ ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഫെല്ലോ ആയ ക്രിസ്റ്റിയന്‍ അള്‍റിച്ച്‌സന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമയോടെയിരിക്കുകയെന്നത് പ്രയാസകരമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, അല്‍ജസീറ അടച്ച് പൂട്ടുക തുടങ്ങി 13 ഓളം ആവശ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതിലൊന്നു പോലും നടപ്പാക്കാന്‍ ഖത്തര്‍ തയ്യാറായില്ല. ഇതോടെയാണ് ഖത്തറുമായി ഈ രാജ്യങ്ങള്‍ ശീതയുദ്ധം പ്രഖ്യാപിച്ചത്. രാജ്യങ്ങളുടെ വ്യോമയാന പാത പങ്കിടുന്നതില്‍ വരെ ഉപരോധമെത്തി. ഉപരോധം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഖത്തറിനെ ബാധിച്ചെങ്കിലും ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമാദ് അല്‍-താനിയുടെ നേതൃത്വത്തില്‍ പ്രതിബന്ധങ്ങളെ മറികടന്നു. 

സൗദിയും യുഎഇയും വാതില്‍ കൊട്ടിയടച്ചപ്പോള്‍ ഇറാനും തുര്‍ക്കിയും നല്‍കിയ പിന്തുണയില്‍ പുതിയ മേഖല വെട്ടിത്തെളിക്കുകയാണ് ഖത്തര്‍ ചെയ്തത്. ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് ഖത്തര്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ ഇറക്കുന്നത്. അതിനാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ശക്തമായൊരു പുത്തന്‍ അധികാര കേന്ദ്രം ഉണ്ടായി വരുമെന്നുറപ്പാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. 

ചുമതലയേറ്റ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ സന്ദര്‍ശനം സൗദിയില്‍ നടത്തിയ ശേഷമാണ് ഖത്തറുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും വിലയിരുത്തുന്നു. ട്രംപിന്റെ മരുമകനായ ജാരെദ് കുഷ്നറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉറ്റ സുഹൃത്തുക്കളായതും ഉപരോധത്തിനു ആക്കംകൂട്ടിയെന്ന് കരുതപ്പെടുന്നു. 

ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ അവരുടെ സഖ്യരാഷ്ട്രങ്ങളോട് ഖത്തറുമായുള്ള ബന്ധം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത് ചില ആഫ്രിക്കന്‍ രാജ്യങ്ങളെയും പ്രശ്‌നത്തിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഖത്തറിലാണ് 2022ലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നത്. ഉപരോധമുണ്ടെങ്കില്‍ ഇതില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നര്‍ത്ഥം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.