വലിയ വട്ടപ്പൊട്ടില്ലാത്ത ആ മുഖം എനിക്ക് കാണേണ്ട

Sunday 3 June 2018 10:47 pm IST
എന്റെ ലീലച്ചേച്ചി ഇതല്ല. ഏത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന ആളാണ് എന്റെ ചേച്ചി. അവര്‍ മരണത്തിന് മുന്നില്‍ തോല്‍ക്കുന്നത് എനിക്ക് കാണേണ്ട. എന്നും മരണം അവരുടെ മുന്നില്‍ തോറ്റിട്ടേയുള്ളൂ. എത്ര പ്രാവശ്യം തോറ്റു മടങ്ങി എന്നതിന് കാലത്തിന് പോലും കണക്കുണ്ടാവില്ല. കാന്‍സറായി ആദ്യ ശ്രമം. റേഡിയേഷന്‍ മുറിയിലെ ഭീകര നിശബ്ദതയില്‍ ഒരു പല്ലിയെ കൂട്ടുപിടിച്ച് ചേച്ചി ആ യുദ്ധം ജയിച്ചു. പിന്നെ ഹൃദ്രോഗമായി, സ്‌ട്രോക്കായി, പല വിധത്തില്‍, പലയിടത്ത് വീഴ്ചകള്‍... മുഖം പൊട്ടി, കവിളെല്ല് ഒടിഞ്ഞ് സ്റ്റിച്ചിട്ട് കിടക്കുമ്പാഴും ചേച്ചി ചിരിച്ചു. ജയം എന്നും ലീലച്ചേച്ചിക്കായിരുന്നു.

'ഞാന്‍ കാണാന്‍ പോവുന്നില്ലാ.' ഈ ഉത്തരം എത്ര ആളുകളോട് -പലരോടും പല പ്രാവശ്യം- പറഞ്ഞു എന്ന് എനിക്കറിയില്ല. എന്തോ ഒരു അപരാധം ചെയ്തത്  പോലെയാണ് പലരും ആ ഉത്തരത്തോട് പ്രതികരിച്ചത്. 

'നിങ്ങള്‍ പോയില്ലെന്നോ? ചേച്ചിക്ക് തീരെ വയ്യ. വേഗം  പോയി കാണൂ' എല്ലാ ഉപദേശവും അവസാനിച്ചത് ഒരു ശാസന സ്വരത്തില്‍. പക്ഷേ, ഞാന്‍ തീരുമാനിച്ചിരുന്നു പോവില്ല എന്ന്. ലീലച്ചേച്ചിയെ ഇങ്ങനെ കാണില്ലാ എന്ന്. വലിയ വട്ടപ്പൊട്ടില്ലാത്ത ആ മുഖം എനിക്ക് കാണേണ്ട എന്ന്. 

കിലുങ്ങി പൊഴിയുന്ന ആ സംസാരം- ചെറുകിളികളുടെ മേള പോലെയുള്ള നിഷ്‌കളങ്കമായ കലപില- ഒരു ഞരക്കം മാത്രമായി കേള്‍ക്കണ്ട എന്ന്. ഒരു കിടക്കയില്‍ വാഴനാര് പോലെ തളര്‍ന്ന്, ഒട്ടിപ്പിടിച്ച് കിടക്കുന്ന ആത്മാവിനെ യാത്രയാക്കാനുള്ള പ്രയത്‌നം എനിക്ക് കണ്ട് നില്‍ക്കാനാവില്ല എന്ന്. 

എന്റെ ലീലച്ചേച്ചി ഇതല്ല. ഏത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന ആളാണ് എന്റെ ചേച്ചി. അവര്‍ മരണത്തിന് മുന്നില്‍ തോല്‍ക്കുന്നത് എനിക്ക് കാണേണ്ട. എന്നും മരണം അവരുടെ മുന്നില്‍ തോറ്റിട്ടേയുള്ളൂ. എത്ര പ്രാവശ്യം തോറ്റു മടങ്ങി എന്നതിന് കാലത്തിന് പോലും കണക്കുണ്ടാവില്ല. കാന്‍സറായി ആദ്യ ശ്രമം. റേഡിയേഷന്‍ മുറിയിലെ ഭീകര നിശബ്ദതയില്‍ ഒരു പല്ലിയെ കൂട്ടുപിടിച്ച് ചേച്ചി ആ യുദ്ധം ജയിച്ചു. പിന്നെ ഹൃദ്രോഗമായി, സ്‌ട്രോക്കായി, പല വിധത്തില്‍, പലയിടത്ത് വീഴ്ചകള്‍... മുഖം പൊട്ടി, കവിളെല്ല് ഒടിഞ്ഞ് സ്റ്റിച്ചിട്ട് കിടക്കുമ്പാഴും ചേച്ചി ചിരിച്ചു. ജയം എന്നും ലീലച്ചേച്ചിക്കായിരുന്നു. 

എല്ലാ ജയത്തിലും കൂടെ ആഘോഷക്കമ്മിറ്റി അംഗമായി ഞാനുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തിലെ അത്തം ആഘോഷങ്ങള്‍- മിക്കവയും നേരം വെളുക്കുംവരെ നീണ്ടുനില്‍ക്കുന്ന ശബ്ദകോലാഹലങ്ങള്‍- എല്ലാം ചേച്ചിയെ ചുറ്റിപ്പറ്റി മാത്രം. 

ദാസ് സര്‍ (ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ പത്രാധിപര്‍ എം.കെ. ദാസ്) സുധി കെ.എസ്, രാജേഷ്‌കുമാര്‍, കൃഷ്‌കുമാര്‍, ചേട്ടായി എന്ന് ഞങ്ങള്‍ വിളിക്കുന്ന സ്‌കറിയ മേലേടം... അങ്ങനെ കുറച്ചാളുകള്‍. ആത്മബന്ധം രക്തബന്ധങ്ങളേക്കാള്‍ മുകളില്‍ വച്ച ഒരു പത്രക്കൂട്ടം. പക്ഷേ, ഈ പത്രക്കൂട്ടത്തിന്റെ സഹപ്രവര്‍ത്തക എന്നുമാത്രം ചേച്ചിയെ വിശേഷിപ്പിക്കാനാവില്ല. 

അവര്‍ ഞങ്ങളുടെ ഓരോരുത്തരുടെയും കൂട്ടുകാരിയായിരുന്നു. കാമുകിയും. ചിലപ്പോള്‍, ചീത്തപറഞ്ഞുവിരട്ടുന്ന ചിറ്റമ്മ. മറ്റുചിലപ്പോള്‍, സ്‌നേഹ മഴ പെയ്യുന്ന അമ്മ. ചിലപ്പോള്‍ കുഞ്ഞുപെങ്ങള്‍ -പെറ്റിക്കോട്ടിട്ട് തെന്നി ഓടിയെത്തുന്ന മഞ്ജരി- എല്ലാ ഭാവങ്ങളും ഞങ്ങള്‍ക്ക് ഓരോ ലീലാവതാരങ്ങള്‍ ആയിരുന്നു. ഒരു പക്ഷേ, ചേച്ചിയുടെ സ്ഥായിയായ ഭാവം ഒരു ടീനേജ് റിബലായ കൂട്ടുകാരി എന്നതാവും. 

വളരെ സീരിയസ്സായ ചര്‍ച്ചകളില്‍പ്പോലും നഴ്‌സറിക്കുട്ടിയുടെ ആക്ഷന്‍ സോംഗ് പോലെയാണ് ചേച്ചി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ശബ്ദത്തിന്റെ ഏറ്റക്കുറിച്ചില്‍ കൊണ്ടാണ് തന്റെ ആ ദിവസത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോറിയുടെ നാടകീയത ചേച്ചി അവതരിപ്പിച്ചത്. കഥ പറയുന്ന ടീച്ചറെ ശ്രദ്ധിക്കുംപോലെ ഞങ്ങള്‍ ഇരിക്കും. ഇടയ്ക്ക് ചേച്ചിയെ ഒന്ന് 'ചൊറിയാനായി' എന്തെങ്കിലും തര്‍ക്കിക്കും. പിന്നെ, പിണക്കമായി. മിണ്ടാതെ എല്ലാദേഷ്യവും കീബോര്‍ഡില്‍ തല്ലിത്തീര്‍ക്കും. വാശിയോടെയുള്ള ആ ടൈപ്പിംഗ് പോലും ഒരു ഇടയ്ക്കയുടെ താളം തോന്നിപ്പിച്ചിരുന്നു. അതില്‍ പിറക്കുന്ന റിപ്പോര്‍ട്ട് അതി ഗംഭീരമാവുകയും ചെയ്തിരുന്നു.

'ചേച്ചീ ഇന്‍ഡ്രോ ഉഗ്രനായിരിക്കുന്നു' അത്രയും മതിയായിരുന്നു ആ ദേഷ്യം അലിയാന്‍. ഉടന്‍ ഞങ്ങളുടെ നേരെ തിരിഞ്ഞിരിക്കും. കഥ നിര്‍ത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങും. 'അതേയ്, ഞാന്‍ എത്തുമ്പോഴേയ്...' നീട്ടി, താളത്തില്‍, ഈണത്തില്‍ പഴയ പെരുമ്പാവൂരുകാരി ടീനേജറായി, ഞങ്ങളുടെ കുഞ്ഞനിയത്തിയായി... ചേച്ചിയുടെ വാശിയും ഒരു കുഞ്ഞനിയത്തിയുടെ പോലെയായിരുന്നു.

എല്ലാ മാസത്തിന്റെയും ആദ്യ ദിനം ബൈലൈന്‍ കാണുക എന്നത് അതില്‍ ഒന്നുമാത്രം. സുധിയുടെയും ചേട്ടായിയുടെയും എന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് ഒപ്പം എഡിറ്ററുടെ മുന്നില്‍ ചേച്ചിയുടെയും കോപ്പി എത്തും. പിന്നെ, തര്‍ക്കമാണ്. അത് കുറെ സമയം കൊണ്ടെ തീരുകയുള്ളൂ. എഡിറ്ററുടെ തീരുമാനം എന്തായാലും എല്ലാ ഒന്നാം തീയതിയും കേരളം ചേച്ചിയുടെ ഒരു പുതിയ വാര്‍ത്ത അറിഞ്ഞുകൊണ്ടേയിരുന്നു.

ഹ്യൂമന്‍ ഇന്ററസ്റ്റ് റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമായിരുന്നു ചേച്ചിയുടെ തട്ടകം. വായനക്കാരുടെ ഉള്ളില്‍ നൊമ്പരം കോറിയിടുന്ന ആഖ്യാന ശൈലി. അതുകൊണ്ടുതന്നെ ചേച്ചിയുടെ സ്‌റ്റോറികളില്‍ പലതും അവിശ്വസനീയമായ പ്രതികരണമാണ് ഉണ്ടാക്കിയത്. അവയിലൂടെ എത്രയോ ജീവിതങ്ങള്‍ വന്‍ കയങ്ങളില്‍ നിന്നു കരകയറി, എത്രയോ സാമൂഹിക പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. ഒരു പക്ഷേ, ഇന്നത്തെ വിഷ്വല്‍ മീഡിയയ്ക്ക് സ്വപ്‌നം കാണാവുന്നതിലും ഉപരിയായി ചേച്ചിയുടെ ഫീച്ചറുകള്‍ കേരളത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. 

ലീലച്ചേച്ചിയുടെ പല നല്ല സൗഹൃദങ്ങളും ഇത്തരം സാമൂഹിക ചലനാത്മകതയുടെ പ്രതിഫലനമായിരുന്നു. ആ ബന്ധങ്ങളായിരുന്നു ചേച്ചിയുടെ സോഴ്‌സുകള്‍. അവര്‍ കേരളത്തിന്റെ ഓരോ സ്പന്ദനങ്ങളും ചേച്ചിക്ക് എത്തിച്ചുകൊടുത്തു. ഒരു പക്ഷേ, കഴിഞ്ഞ മാസങ്ങളില്‍ ആരോഗ്യത്തോടെ ഇരുന്നുവെങ്കില്‍, ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ തേങ്ങലുകളും കെവിന്റെ പ്രണയിനിയുടെ ഹൃദയവേദനയും ലീലച്ചേച്ചിയുടെ പേനയിലൂടെ ലോകം അറിഞ്ഞേനേ. 

പക്ഷേ, എല്ലാ സൗഹൃദങ്ങളും നല്ല വാര്‍ത്തകള്‍ അല്ല ചേച്ചിയിലൂടെ ലോകത്തെ അറിയിച്ചത്. സുഹൃത്തുക്കള്‍ എന്ന ചേച്ചിയുടെ ദൗര്‍ബല്യം, പലരും മുതലെടുത്തിരുന്നു. ഒരു അടുത്ത സുഹൃത്ത് നല്‍കുന്ന വാര്‍ത്ത അതേപടി വിശ്വസിച്ച് റിപ്പോര്‍ട്ട് ചെയ്ത് പല പൊല്ലാപ്പുകളിലും കുടുങ്ങിയിട്ടുണ്ട്. എങ്കിലും അവര്‍ തന്റെ ശൈലി വിട്ടില്ല; വിശ്വാസങ്ങളും.  ഏറ്റവും ആധുനികമായ കാര്യങ്ങള്‍ പറയുമ്പോഴും ചേച്ചി അങ്ങേയറ്റം അന്ധവിശ്വാസിയും ആയിരുന്നു. ജ്യോത്സ്യത്തിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. 'ഠവല്യ മൃല ാ്യ ൃീമറ ശെഴി.െ ക ളീഹഹീം വേലാ ീേ മ്ീശറ റമിഴലൃ' ഇടയ്ക്ക് ഞാന്‍ കളിയാക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചടിക്കും. 

തീര്‍ച്ചയായും നക്ഷത്രങ്ങള്‍ അവരെ കാത്ത് രക്ഷിച്ചിട്ടുണ്ടാവണം. ഗ്രഹങ്ങള്‍ തങ്ങളുടെ അദൃശ്യ ശക്തിയില്‍ അവരെ നയിച്ചിട്ടുണ്ടാകണം. അതാവും ഒരു ഫോക്‌ലോര്‍ പോലെ അത്ഭുതങ്ങളും ആസ്വാദനവും പകരുന്ന കഥയേക്കാള്‍ ആഴമുള്ള മിത്തുകളേക്കാള്‍ മിസ്റ്റിക് നിറഞ്ഞ ജീവിതം അവര്‍ ആസ്വദിച്ചത്, ഒരു നിലയ്ക്കാത്ത സിംഫണി പോലെ. അതിന്റെ ഓരോ ശീലും എനിക്ക് ചുറ്റിനും പെയ്യുന്നു. കയറ്റിറക്കങ്ങളിലൂടെ, താളഭേദങ്ങളിലൂടെ ഗ്രാന്‍ഡ് ഫിനാലേയിലേക്കുള്ള കുതിപ്പ് എനിക്ക് കേള്‍ക്കാം. ആ പെയ്ത്തിന്റെ ഓരോ ഭാവത്തിലും ലീലച്ചേചിയുടെ ഒപ്പം ഉണ്ടായ അനുഭവങ്ങളുണ്ട്. എനിക്കത് മതി.

പാടാത്ത മഞ്ജരിയെ എനിക്കറിയേണ്ട. കഥ പറയാന്‍ കൊതിക്കുന്ന വിരലുകള്‍ വിറങ്ങലിച്ചിരിക്കുന്നത് എനിക്ക് കാണേണ്ട. ഒരുപാട് ഉമ്മകള്‍ തന്ന ആ ചുണ്ടുകളില്‍ വരണ്ടിരിക്കുന്ന സ്‌നേഹം എനിക്ക് അനുഭവിക്കേണ്ട. ഈ കഥ ഇവിടെ ഇങ്ങനെ അപൂര്‍ണ്ണമായി തീരട്ടെ. അതുകൊണ്ടുതന്നെ ഈ യാത്ര കാണാന്‍ ഞാന്‍ എത്തില്ല. ലീലച്ചേച്ചിക്ക് പരിഭവം ഉണ്ടാവില്ല. ഇനി കിണുങ്ങി, പിണങ്ങിയാല്‍ അടുത്ത കൂടിക്കാഴ്ചയില്‍ നമുക്ക് കലഹിച്ച് തീര്‍ക്കാം, ഉറപ്പ്.  

(ടൈംസ് ഓഫ് ഇന്ത്യ കേരള എഡിറ്ററാണ് ലേഖകന്‍. ദീര്‍ഘകാലം ലീലാമേനോന്റെ സഹപ്രവര്‍ത്തകനായിരുന്നു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.