വാര്‍ത്താലോകത്തെ 'നിലയ്ക്കാത്ത സിംഫണി'

Sunday 3 June 2018 11:41 pm IST
ടെലിഗ്രാഫിസ്റ്റ് ആകാനായി പിന്നീടു ശ്രമം. മദ്രാസിലും ബാംഗ്‌ളൂരിലുമായി പഠന, പരിശീലനങ്ങള്‍. എറണാകുളത്ത് തിരിച്ചെത്തി ഷണ്‍മുഖം റോഡില്‍ മേനക പോസ്റ്റ് ഓഫീസില്‍ ടെലഗ്രാഫിസ്റ്റായി. ടെലഗ്രാം ഓഫീസുകളില്‍ വനിത ടെലഗ്രാഫിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്‌റ്റോഫീസിലെ ആദ്യത്തെ വനിത ടെലഗ്രാഫിസ്റ്റായി ലീല.

പെരുമ്പാവൂരിനടുത്ത് വെങ്ങോലയെന്ന നാട്ടിന്‍പുറത്തെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ലീല മഞ്ജരിയെന്ന പെണ്‍കുട്ടി ഇന്ത്യ കണ്ട പ്രമുഖ പത്രപ്രവര്‍ത്തകയായ കഥ ആരേയും ആശ്ചര്യപ്പെടുത്തും. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റേയും തുമ്മാരുക്കുടി ജാനകി അമ്മയുടേയും ഇളയമകള്‍ 1932 നവംബര്‍ 20നു പിറന്നു. പക്ഷാഘാതം കൊണ്ട് കിടപ്പിലായ അച്ഛനെ ഏഴാം വയസ്സില്‍ നഷ്ടപ്പെട്ടു. ലീലയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അച്ഛനെ പക്ഷാഘാതം തളര്‍ത്തിയത്. അച്ഛന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയാതെ പോയ ബാല്യം. 

അനാരോഗ്യമായിരുന്നു കുട്ടിക്കാലത്തെ അലട്ടിയ ഒരു പ്രശ്‌നം. വെങ്ങോല പ്രൈമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. യുപി സ്‌കൂള്‍ ആറ് കിലോമീറ്റര്‍ അകലെ പെരുമ്പാവൂരിലായിരുന്നു. അവിടെ നടന്നെത്താന്‍ അനാരോഗ്യം തടസ്സമാണെന്ന് അമ്മ കരുതി. പക്ഷേ, പഠിക്കാന്‍ ലീല വാശിപിടിച്ചു. വാശി ജയിച്ചു. പത്താം തരം പാസായി. 

 സാമ്പത്തിക നില ക്ഷയിച്ച കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലീല ഹൈദ്രാബാദിലെത്തി പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായി. 120 രൂപ ശമ്പളം.  വീണ്ടും പഠിക്കണമെന്നായി ആഗ്രഹം. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ഈവനിങ് കോളേജില്‍ ചേര്‍ന്നു ബിരുദം നേടി. 

ടെലിഗ്രാഫിസ്റ്റ് ആകാനായി പിന്നീടു ശ്രമം. മദ്രാസിലും ബാംഗ്‌ളൂരിലുമായി പഠന, പരിശീലനങ്ങള്‍.  എറണാകുളത്ത് തിരിച്ചെത്തി ഷണ്‍മുഖം റോഡില്‍ മേനക പോസ്റ്റ് ഓഫീസില്‍ ടെലഗ്രാഫിസ്റ്റായി. ടെലഗ്രാം ഓഫീസുകളില്‍ വനിത ടെലഗ്രാഫിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്‌റ്റോഫീസിലെ ആദ്യത്തെ വനിത ടെലഗ്രാഫിസ്റ്റായി ലീല. 

അതിനിടയിലാണ് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ഭാസ്‌കരമേനോനെ പരിചയപ്പെടുന്നത്. പരിചയം  പ്രണയമായി. നാട്ടിന്‍പുറത്തുകാരിയും ഇടത്തരം കര്‍ഷക കുടുംബത്തിലെ അംഗവുമായ പെണ്‍കുട്ടി സമ്പന്ന കുടുംബത്തിലേക്ക് വധുവായി വരുന്നത് ഭാസ്‌കരമേനോന്റെ ബന്ധുക്കള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പക്ഷേ ലീല മഞ്ജരിയും ഭാസ്‌കര മേനോനും ഉറച്ചുനിന്നു. ഗുരുവായൂരില്‍ വച്ച് വിവാഹിതരായി. അങ്ങനെ ലീല മഞ്ജരി ലീല മേനോനായി. 

സാധാരണ പോലെ ജീവിതം മുന്നോട്ടുപോയി-  ഇന്ത്യന്‍ എക്‌സ്പ്രസിലെ  പ്രേമ വിശ്വനാഥ് തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നതു വരെ. വ്യത്യസ്തതകളൊക്കെ വാര്‍ത്തകളാകുന്ന കാലം. പ്രേമയെ സംബന്ധിച്ച് ലീല വ്യത്യസ്തയായിരുന്നു, പോസ്റ്റ് ഓഫീസിലെ ആദ്യ വനിതാ ടെലഗ്രാഫിസ്റ്റ് എന്ന നിലയില്‍. പ്രേമ ലീലയെ അഭിമുഖം നടത്തി. ഫീച്ചര്‍ തൊട്ടടുത്ത ദിവസത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്നു- 'ടശേേശിഴ ുൃലേ്യേ മ േവേല ുീേെ ീളളശരല രീൗിലേൃ' എന്ന തലക്കെട്ടോടെ! 

വാക്കുകള്‍ക്കൊണ്ട് പ്രേമ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് ലീലയെ അത്ഭുതപ്പെടുത്തി. പത്രപ്രവര്‍ത്തകയാവുകയെന്നതായി പിന്നെ സ്വപ്‌നം. അതും നാല്‍പത് വയസ്സ് പിന്നിട്ടപ്പോള്‍.  ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം പിജി ഡിപ്ലോമ സായാഹ്ന കോഴ്‌സിനു ചേര്‍ന്നു. സ്വര്‍ണ മെഡലോടെ പാസായി. പ്രേമ അതിലും മുന്‍ഗാമിയായിരുന്നു. ലീല മേനോനും ഇന്ത്യന്‍ എക്‌സ്പ്രസിലെത്തി. അഭിമുഖം സാക്ഷാല്‍ രാംനാഥ് ഗോയങ്കെയ്ക്ക് മുന്നിലായിരുന്നു. പതറിയില്ല. 

ദല്‍ഹിയായിരുന്നു ആഗ്രഹിച്ച തട്ടകം. അവിടേക്ക് മാറ്റം ചോദിച്ചുവാങ്ങി. സബ് എഡിറ്റര്‍ തസ്തികയിലേക്കായിരുന്നു നിയമനം. തൃപ്തിവന്നില്ല. റിപ്പോര്‍ട്ടറാകണം എന്നായി. മുള്‍ഗോംകര്‍, അരുണ്‍ഷൂരി, കുല്‍ദീപ്‌നയ്യാര്‍, സുമിത് കൗര്‍ തുടങ്ങി ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് ദ്വീപജ്വാലയായവരുടെ കീഴില്‍, അവരുടെ നിഴലില്‍ ഒതുങ്ങാതെ ലീല തന്റേതായ ഇടം കണ്ടെത്തി. ദല്‍ഹിയിലെ സ്ത്രീധന പീഡന മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ലീല മേനോന്‍ എന്ന ബൈലൈനോടുകൂടി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. 

പിന്നെ കേരളത്തിലെത്തി. കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടര്‍ എന്ന ഖ്യാതിയും പേരിനൊപ്പം എഴുതിച്ചേത്തു. ഡസ്‌കിലെ ജോലികൊണ്ടു തൃപ്തിപ്പെട്ട വനിതാ സബ് എഡിറ്റര്‍മാര്‍ക്കെല്ലാം അത്ഭുതമായിരുന്നു റിപ്പോര്‍ട്ടര്‍ ലീല മേനോന്‍. പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ പോലും മടിക്കുന്ന സംഭവങ്ങള്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെ അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

1982ല്‍ തിരുവോണദിനത്തിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ മദ്യ ദുരന്തം. 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവധി ദിനത്തിന്റെ ആലസ്യം വിട്ടു ലീല മേനോന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിന് ഇരയായൊരാള്‍ തന്നോട് സംസാരിച്ചുകൊണ്ടിരുന്ന നിമിഷം തന്നെ മരണത്തിന് കീഴടങ്ങി. വായനക്കാരുടെ ഹൃദയത്തെ പിടിച്ചുലച്ചു ലീലയുടെ റിപ്പോര്‍ട്ട്. ദേശീയതലത്തിലും ശ്രദ്ധേയമായി. 

കേരളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനം നല്‍കി ഈ മാധ്യമപ്രവര്‍ത്തക. കോട്ടയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കാലം. ആദ്യത്തെ വനിതാ ബ്യൂറോ ചീഫ്! ലീല മേനോന്‍ എന്ന ബൈലൈന്‍ ഏറെ മൈലേജ് നേടി. വിദേശത്ത് നഴ്‌സിന്റെ ജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട പെണ്‍കുട്ടികളെ കന്യാസ്ത്രീകളാക്കി മാറ്റുന്ന സംഭവം പുറംലോകമറിഞ്ഞത് ലീല മേനോന്റെ എഴുത്തിലൂടെയാണ്. 

നിലമ്പൂര്‍ അരുവാക്കോട്ടെ വേശ്യകളുടെ ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.  ദാരിദ്രത്താല്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കേണ്ടി വന്ന ഹതഭാഗ്യരായ സ്ത്രീകളെ സംബന്ധിച്ചുവന്ന ആ റിപ്പോര്‍ട്ട് പിന്നീട് ആ സ്ത്രീകളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാര്‍ത്തകള്‍ ലീല മേനോനെ സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരിയാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.