കോണ്‍ഗ്രസ്സില്‍ കലാപം: കുര്യനെതിരെ യുവാക്കള്‍

Monday 4 June 2018 2:15 am IST

കൊച്ചി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപം. കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍. രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്നും വൃദ്ധന്‍മാര്‍ യുവാക്കള്‍ക്ക് വഴിമാറിക്കൊടുക്കണമെന്നുമാണ് ആവശ്യം. രാജ്യസഭയിലേയ്ക്ക് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെയാണ് പരസ്യ വിമര്‍ശനം. യുവ എംഎല്‍എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍,  ഹൈബി ഈഡന്‍, റോജി എം. ജോണ്‍, അനില്‍ അക്കര എന്നിവരാണ് കുര്യനെതിരെ രംഗത്ത് വന്നത്. 

വി.ടി. ബല്‍റാമും ഷാഫി പറമ്പിലുമാണ് ആദ്യം രംഗത്തുവന്നത്. രാജ്യസഭയില്‍ മൂന്നും ലോക്‌സഭയില്‍ ആറും തവണ അംഗമായിട്ടുള്ള കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങാനുള്ള ഔചിത്യപൂര്‍വ്വമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ബല്‍റാം സോഷ്യല്‍മീഡിയയിലൂടെ തുറന്നടിച്ചു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കണമെന്ന് ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. 

രാജ്യസഭയെ  വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്ന് ഹൈബി ഈഡന്‍ വിമര്‍ശിച്ചു. മറ്റുപാര്‍ട്ടികള്‍ യുവ രക്തങ്ങളെ രാജ്യസഭയിലേക്ക് അയച്ച് മികച്ച പാര്‍ലമെന്റേറിയന്‍മാരെ സൃഷ്ടിക്കുമ്പോള്‍, കോണ്‍ഗ്രസ്സ് അസംതൃപ്തരെ അക്കോമഡേറ്റ് ചെയ്യാനാണ് ശ്രമിച്ചതെന്നും ചില വ്യക്തികള്‍ക്ക് വേണ്ടി പാര്‍ട്ടി അധഃപതിക്കുമെന്നും ഹൈബി വിമര്‍ശിച്ചു.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണെന്നും  അവരെ മാറ്റാന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും റോജി എം.ജോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. പി.ജെ. കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനില്‍ അക്കര പരിഹസിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയോടെ ഉയര്‍ന്ന പൊട്ടിത്തെറി രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള കലാപത്തിലേക്കും നീങ്ങുകയായിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ, പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍കൂടിയായ പി.ജെ. കുര്യന്‍ പ്രതികരിച്ചു. യുവാക്കളുടെ അവസരത്തിന് തടസ്സമല്ലെന്നും അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കുര്യന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.