ചെങ്ങന്നൂരിലെ വര്‍ഗീയ കാര്‍ഡ് സിപിഎം വിപുലമാക്കുന്നു

Monday 4 June 2018 2:26 am IST

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പയറ്റിയ വര്‍ഗീയ കാര്‍ഡ്  മലബാര്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി തീവ്ര മുസ്ലീം നിലപാട് വച്ചു പുലര്‍ത്തുന്ന ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നീക്കം തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി എകെജി സെന്ററില്‍ നടന്ന സംസ്ഥാന കമ്മറ്റിയോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ആര്‍എസ്എസിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല പകരം സിപിഎമ്മിനേ സാധിക്കൂ എന്ന ആശയം പ്രചരിപ്പിച്ചാണ് ഐഎന്‍എല്ലിനെ കൂടെ കൂട്ടുന്നത്. 

 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ മറുചേരിയില്‍ 55 ശതമാനമാണ്. ബിജെപിക്ക് മാത്രം 23 ശതമാനം വോട്ട് ലഭിച്ചു. ഇത് തങ്ങളെ ഭയപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  അതിനാല്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലേയ്ക്കായി മത നിരപേക്ഷ ശക്തികളെ ശക്തിപ്പെടുത്തണം. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്ലിന്റെ പ്രവര്‍ത്തനവുമായി കൂടുതല്‍ സഹകരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. സിഎംപി, ജെഎസ്എസ് കക്ഷികളെ കൂടെ കൂട്ടാത്തതെന്തെന്ന ചോദ്യത്തിന്, അവര്‍ സഹകരിക്കുകയാണെന്നും എന്നാല്‍ ഐഎന്‍എല്‍ കൂടുതല്‍ കാലം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നുമാണ് കോടിയേരി യുടെ മറുപടി. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരീക്ഷണം നടത്താനാണ് നീക്കം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ ഇടതുപക്ഷത്തെ  ശക്തിപ്പടുത്തണം. ഐഎന്‍എല്ലിനെ കൂടെ കൂട്ടിയാല്‍ മലബാര്‍ മേഖലയിലെ സീറ്റുകള്‍ തൂത്തുവാരാം എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയുടെ നീക്കം. ഇടഞ്ഞു നില്‍ക്കുന്ന സിപിഐയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് കോടിയേരി നല്‍കുന്നത്. 

മുസ്ലീംലീഗിന് തീവ്രത പോരെന്ന വാദവുമായി ഇടഞ്ഞ് പുറത്ത് പോയവര്‍ രൂപീകരിച്ചതാണ് ഐഎന്‍എല്‍. മതതാല്‍പര്യത്തിന് തീവ്ര നിലപാടുകള്‍ വച്ച് പുലര്‍ത്തുന്നവരാണ് ഐഎന്‍എല്ലിന്റെ നേതൃനിര. ഐഎന്‍എല്‍ വഴി മതതീവ്രവാദികളുടെ രാഷ്ട്രീയ കക്ഷികളുമായും അടുക്കുകയാണ് ഇതിലൂടെ സിപിഎം ലക്ഷ്യം.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ്  വോട്ട് ഉറപ്പിക്കാന്‍ മദനിയെ കാണാന്‍ മന്ത്രി ജലീലിനെ ബെംഗളൂരുവില്‍ അയച്ചതും ഭാവി പരിപാടി കണക്കിലെടുത്തായിരുന്നു. 

  കെ.എം.മാണിയെ കൂടെ കൂട്ടണ്ട എന്ന നിലപാടിലാണ്   സിപിഎം . മാണിയുടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമായി എന്നാണ് വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണിയില്‍ വരികയും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുറത്ത് പോവുകയും ചെയ്യുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാറി.  ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ച മാതൃക നല്ലതാണെന്നാണ് സിപിഎം വിലയിരുത്തല്‍. യോഗം നേതൃത്വത്തെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകണം. ഇതിലേയ്ക്കായി വെള്ളാപ്പള്ളിക്കെതിരെയുള്ള മൈക്രോ ഫിനാന്‍സ് കേസുകള്‍ മയപ്പെടുത്താനും  തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.