മുഖ്യമന്ത്രി പദ്മവ്യൂഹത്തില്‍ നിന്ന് മാറണമെന്ന് സെന്‍കുമാര്‍

Monday 4 June 2018 2:18 am IST

തിരുവനന്തപുരം:   പോലീസ് ഒരുക്കുന്ന പദ്മവ്യൂഹത്തില്‍ നിന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍ പിന്മാറണമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. ഡിജിപിയ്ക്കും ആഭ്യന്തര മന്ത്രിക്കും ഇടയില്‍ പോലീസിനെ ഭരിക്കാന്‍ മറ്റൊരു ആഭ്യന്തര മന്ത്രി ഉണ്ടാകരുത്. അടുത്തു നില്‍ക്കുന്നവരെ എല്ലാം മിത്രങ്ങളായി കാണരുതെന്നും സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ  നിര്‍ദേശങ്ങളില്‍ പറയുന്നു. 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി   വിളിച്ചു ചേര്‍ത്ത  മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.  ഡിജിപി ആയിരുന്നപ്പോള്‍ തന്റെ ശത്രുക്കളായി നിന്നവരെ മിത്രങ്ങളായി മുഖ്യമന്ത്രി കാണരുത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ ഡിജിപയ്ക്ക് വരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പോലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡിജിപിക്ക്  നിയന്ത്രണമില്ലാത്ത അവസ്ഥയിലാണ്. പോലീസിലെ ചിലര്‍ അധികാരസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ അകറ്റാന്‍ ശ്രമിക്കുന്നു. അതിനാലാണ്  യാത്രയില്‍ പോലീസ് പദ്മവ്യൂഹം ചമയ്ക്കുന്നത്. സംസ്ഥാനത്ത് എല്ലാ മേഖലയിലും നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അകമ്പടിക്ക് പിന്നാലെ ആംബുലന്‍സുകള്‍ പോകുന്നത് ശരിയല്ല. സ്റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുന്നു.  ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്നും സെന്‍കുമാര്‍ പറയുന്നു. 

 പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത രാഷ്ട്രീയ അതിപ്രസരമാണ്. അതിനാല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.