സാമൂഹിക നവോത്ഥാനത്തില്‍ മാധവ്ജിയുടെ പങ്ക് നിര്‍ണായകം: എസ്. സേതുമാധവന്‍

Monday 4 June 2018 3:06 am IST

ആലുവ: സനാതന ധര്‍മത്തിന്റെ പുനരുദ്ധാരണത്തിനായി ജീവിതം സമര്‍പ്പിച്ച മഹാത്മാവായിരുന്നു മാധവ്ജിയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ആധ്യാത്മിക പണ്ഡിതനും സമൂഹ്യപ്രവര്‍ത്തകനുമായ മാധവ്ജിയുടെ അനുസ്മരണ സമ്മേളനവും സ്മൃതിമണ്ഡപ സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തുടങ്ങിവെച്ച സാമൂഹിക-ആധ്യാത്മിക-നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ മാധവ്ജി നിര്‍ണായക പങ്കാണ് വഹിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹൈന്ദവ ഏകീകരണത്തിനായി മാധവ്ജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. കമ്മ്യൂണിസ്റ്റ് ഭീകരതയെ ആശയ പ്രചാരണം കൊണ്ട് പരാജയപ്പെടുത്താന്‍ മാധവ്ജിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രവിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. മാധവ്ജിയുടെയും ആചാര്യന്‍ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെയും  സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും എസ്. സേതുമാധവന്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് മാധവീയം പുരസ്‌കാരം അദ്ദേഹം സമര്‍പ്പിച്ചു. തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി ദീപം കൊളുത്തി. മാധവ്ജി സ്മാരക പെന്‍ഷന്‍ വിതരണം, വിദ്യാഭ്യാസ നിധി വിതരണം എന്നിവയും നടന്നു. വര്‍ക്കിംഗ് പ്രസിഡന്റ്  മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും പഴങ്ങാപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.