നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം

Monday 4 June 2018 3:08 am IST

തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട  സാഹചര്യമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ട് തുടരണമെന്ന് യോഗം തീരുമാനിച്ചു. 

രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാര്‍ക്ക്  നിര്‍ദേശം നല്‍കി.

രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കു പോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇല്ല. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂ. 

യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ സുബ്രതോ ബിശ്വാസ്, ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.