കാര്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച്; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Monday 4 June 2018 3:12 am IST

കണ്ണൂര്‍: പയ്യാവൂരിലെ ചതിരംപുഴയില്‍ കാര്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തിനശിച്ചു. ചന്ദനക്കാംപാറയിലെ വെട്ടത്ത് ജോണി-റജീന ദമ്പതികളുടെ മകന്‍ റിജുല്‍ ജോണി (19), കുരുവിലങ്ങാട്ട് ജോയി-ജാന്‍സി ദമ്പതികളുടെ മകന്‍ അനൂപ് ജോയി (19) എന്നിവരാണ് മരിച്ചത്.  

കാര്‍ ഓടിച്ചിരുന്ന മച്ചികാട്ട് തോമസിന്റെ മകന്‍ അഖില്‍ (19), സുഹൃത്ത് വരമ്പകത്ത് സാജുവിന്റെ മകന്‍ സില്‍ജോ (19) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഖില്‍ പരിയാരം മെഡിക്കല്‍ കോളേജിലും സില്‍ജോ മംഗലാപുരം തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.  

ഇന്നലെ രാവിലെ 7.40 നാണ്  അപകടം നടന്നത്. ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് പൈസക്കരിയിലേക്ക് പോകവെ ചതിരംപുഴ ടൗണിനു സമീപം നിയന്ത്രണം വിട്ട മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് രണ്ടായി പിളരുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം കലുങ്കില്‍ നിന്നും തോട്ടിലേക്ക് വീണ് കത്തിയമര്‍ന്നു. കത്തിക്കരിഞ്ഞ അനൂപിന്റെ മൃതശരീരം ഇരിട്ടിയില്‍ നിന്നു വന്ന അഗ്‌നിശമനസേനയും പയ്യാവൂര്‍ പോലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലിരുന്ന റിജുല്‍ ജോണി റോഡിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു.  

മരിച്ച റിജുല്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: റിജോ, മരിയ.

അനൂപ് ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അഭിലാഷ്, ആകര്‍ഷ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.