കെവിന്‍ വധം: സംഭവം പുനരാവിഷ്‌കരിച്ച് പോലീസ് ആയുധങ്ങള്‍ കണ്ടെത്തി

Monday 4 June 2018 3:15 am IST

പത്തനാപുരം: കെവിന്‍ വധക്കേസില്‍ പ്രതികളായ നാല് പേരെ മൃതദേഹം കണ്ടെത്തിയ പുനലൂര്‍ നെല്ലിപ്പള്ളി ചാലിയക്കരയാറിന് സമീപമെത്തിച്ച് തെളിവെടുത്തു.  

കേസിലെ മുഖ്യപ്രതികളായ നിയാസ്, റിയാസ്, ഫസല്‍, വിഷ്ണു എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തലവനും  കൊച്ചി റേഞ്ച് ഐജിയുമായ വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച  ഉച്ചയ്ക്ക് രണ്ടിന് ചാലിയക്കരയിലെത്തിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയ പത്തനാപുരം-കറവൂര്‍ പാതയിലൂടെയാണ് അന്വേഷണസംഘം ചാലിയക്കരയില്‍  എത്തിയത്. തുടര്‍ന്ന് ഇവിടെ വച്ച് പോലീസ് സംഭവം പുനരാവിഷ്‌കരിച്ചു. 

അവശനായ കെവിന്‍ ചാലിയക്കര റോഡില്‍ നിന്നും താഴേക്കുള്ള ആറിലേക്ക് ഓടുകയായിരുന്നുവെന്ന്  നിയാസും ഫസലും തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. നിയാസിനെ കെവിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തേക്കും പോലീസ് കൊണ്ടുപോയി. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കൃത്യത്തില്‍ പങ്കെടുത്തപ്പോള്‍ ഉപയോഗിച്ച നാല് വടിവാളുകളും കണ്ടെടുത്തു. വീടിന് സമീപത്തെ ചാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകള്‍. മാന്നാനത്തെ വീട് ആക്രമിക്കുന്ന സമയത്ത് പ്രതികള്‍ ഈ വാളുകള്‍ ഉപയോഗിച്ചിരുന്നു. കെവിന്റെ സുഹൃത്ത് അനീഷിന്റെ കഴുത്തില്‍ വാള്‍ വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതികള്‍ വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും   വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പെട്രോളടിച്ച പുനലൂര്‍ നെല്ലിപ്പള്ളിയിലെ പമ്പിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടരയോടെ തെളിവെടുപ്പ് അവസാനിപ്പിച്ച്  സംഘം മടങ്ങി. പ്രദേശത്ത്  തടിച്ചുകൂടിയ നാട്ടുകാര്‍  പ്രതികളെ കൂകിവിളിച്ചു.  

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊല്ലം റൂറല്‍ പോലീസ് മേധാവി  എസ്. അശോകന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ചാലിയക്കരയില്‍  ഒരുക്കിയത്. അതേസമയം രക്ഷപ്പെട്ട്  ഓടുന്നതിനിടെ കെവിന്‍ കാല്‍വഴുതി തോട്ടില്‍ വീണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതികളുടെ റിമാന്‍ഡ് കാലാവധി  ഇന്ന്   അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.