വലിയ പൊട്ടിനു കീഴെ

Monday 4 June 2018 4:19 pm IST
അതിശയത്തിന്റെ ആഹ്‌ളാദത്തിന് പേരിടാനറിയാതെ ലീലാ മേനോന്‍ എന്ന മഹാ വ്യക്തിത്വത്തിനു മുന്നില്‍ ക്ഷേത്രത്തിനു മുന്നില്‍ എന്നപോലെ തൊഴു കൈയ്യോടെ നിന്നു. ആ ഹൃദയം മുഖത്തുവന്ന് വലിയ ചിരിയായി ചുറ്റും ഊര്‍ജതരംഗം ഉണ്ടാകുന്നത് അറിഞ്ഞു.

ലീലാ മേനോന്‍ എന്ന വലിയ പൊട്ടിനുചുവട്ടിലെ ചെറുതരിപൊട്ടാണ് പത്രപ്രവര്‍ത്തനത്തില്‍ ഞാന്‍. എന്നും വെയിലിലേക്കുള്ള മഴ ചായലായിരുന്നു എനിക്കു ലീലാമേഡം.

മേഡത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു.അറിഞ്ഞിരുന്നു. അതിലുമധികം കാണാനും പരിചയപ്പെടാനും ആഗ്രഹിച്ചിരുന്നു. കേരള മിഡ്- ഡേ ടൈംസില്‍ സബ് എഡിറ്ററായി ജോലിക്കെത്തുമ്പോള്‍ എഡിറ്റര്‍ ക്യാബിനില്‍ ലീലാ മേഡം. അതിശയത്തിന്റെ ആഹ്‌ളാദത്തിന് പേരിടാനറിയാതെ ലീലാ മേനോന്‍ എന്ന മഹാ വ്യക്തിത്വത്തിനു മുന്നില്‍ ക്ഷേത്രത്തിനു മുന്നില്‍ എന്നപോലെ തൊഴു കൈയ്യോടെ നിന്നു. ആ ഹൃദയം മുഖത്തുവന്ന് വലിയ ചിരിയായി ചുറ്റും ഊര്‍ജതരംഗം ഉണ്ടാകുന്നത് അറിഞ്ഞു. സ്‌നേഹ ലാളിത്യം കുഴമ്പാക്കിയ വാക്കുകള്‍ കേട്ടു. നെറ്റിയിലെ സൂര്യവെളിച്ചമേറ്റു.

നിത്യവും കണ്ടു.സംസാരിച്ചു.ഫോണ്‍ ചെയ്തു. നാട്ടുവിശേഷങ്ങള്‍. ലോകവാര്‍ത്തകള്‍. സമുദ്രാഴമുള്ള അനുഭവ കഥകള്‍. പത്രപ്രവര്‍ത്തനത്തിന്റെ മാതൃകാപാഠങ്ങള്‍. അങ്ങനെ സുഹൃത്താകുന്നു. ആത്മമിത്രമാകുന്നു. മാതൃസമാനയാകുന്നു. അതിന്റെ സ്‌നേഹവും കരുതലും ജാഗ്രതയും വാത്സല്യവും.

സ്‌നേഹത്തിന്റെ സ്വാതന്ത്ര്യമുള്ള ബലത്തില്‍ ലീലാമേഡത്തിനു ആത്മകഥ എഴുതിക്കൂടേയെന്ന് ചോദിച്ചു. വലിയൊരു ചിരിമാത്രം. വീണ്ടും പറഞ്ഞു. അപ്പോഴും ആ ചിരി തന്നെ. നേര്‍ത്ത പരിഭവത്തോടെയാണ് മൂന്നാംവട്ടം സൂചിപ്പിച്ചത്. നല്ല ചിരിക്കൊപ്പം നോക്കാമെന്നായി ഇത്തവണ.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്പരപ്പിന്റെ ഒരു വിളി. സേവ്യര്‍ അതു തുടങ്ങീട്ടോ. വിശ്വസിക്കാനായില്ല. ഒരാഴ്ച കഴിഞ്ഞ് മുപ്പത്തിയാറ് പേജ് വായിക്കാന്‍ തന്നു. സാധാരണ മലയാളിക്കുപോലും അറിയാത്ത ഒരു കൂട്ടം കിളികളുടെയും മരങ്ങളുടെയും പക്ഷികളുടെയും പഴങ്ങളുടെയും പേര്. ഇലകള്‍ പച്ച, മഞ്ഞ എന്നപോലെ ഋതുക്കളില്‍ മാറുന്ന ഇലനിറങ്ങളെക്കുറിച്ചുപോലും. ലീലാ മേനോന്റെ ബാല്യം വിളഞ്ഞ വെങ്ങോല ഗ്രാമത്തിന്റെ ലാന്റ് സ്‌കേപ്പ്. അങ്ങനെ തുടങ്ങിയതാണ് ആത്മാവിന്റെ മഷിനിറച്ചെഴുതിയ നിലയ്ക്കാത്ത സിംഫണി. ലോകം ആദരിക്കുന്ന ഇന്ത്യന്‍  പത്രപ്രവര്‍ത്തകയുടെ അസാധാരണവും അപൂര്‍വവുമായ പോരാട്ടങ്ങളുടേയും അനുഭവങ്ങളുടേയും കഥ. ജീവന് ആറുമാസത്തെ ഗ്യാരന്റി നല്‍കിയ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി, ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഞണ്ടുകളെ കൂസാതെ പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് എഴുതാനുള്ള സ്വപ്‌നത്തിലായിരുന്നു ലീലാ മേഡം. ആത്മവിശ്വാസത്തില്‍ പണിത ശരീരത്തിലെ പ്രതിരോധം കണ്ട് കുടിയിറങ്ങിപ്പോയി കൂര്‍മ്പന്‍കാലുകളൊടിഞ്ഞ് ഞണ്ടുകള്‍. പിന്നീട് ഹൃദയം തുറന്നുവെച്ച ബൈപ്പാസ് സര്‍ജറി. അതിനിടയിലും പിന്നീടും ദുന്തവും ദുരിതവുമായി വന്ന് ജീവിതം കണ്ണുരുട്ടി പേടിപ്പിച്ച് ഒടുക്കം വാളും പരിചയും കാല്‍ക്കീഴില്‍വെച്ച് മേഡത്തിനുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പത്രപ്രവര്‍ത്തകയുടെ ഇടപെടലുകള്‍. ആക്റ്റിവിസ്റ്റിന്റെ പോരാട്ടങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള എഴുത്തും കര്‍മവും. ഒരു ജീവിതംകൊണ്ട് അനേകം ജന്മങ്ങള്‍. ആര്‍ക്കും പ്രലോഭനവും പ്രചോദനവുമായ റോള്‍ മോഡല്‍.

മേഡം ജന്മഭൂമിയുടെ എഡിറ്ററായി പോകുന്നു. നാളുകള്‍ക്കുശേഷം എന്നേയും ജന്മഭൂമിയിലേക്കു കൊണ്ടുപോകുന്നു. ആത്മകഥ നോവലാക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വം സമ്മതിച്ചു. മറ്റാര്‍ക്കും കിട്ടാത്ത സുകൃതം. അങ്ങനെ എഴുതിയ നോവലാണ് വെയിലിലേക്കു മഴ ചാഞ്ഞു. സിനിമായാകാനിരിക്കുന്ന നോവലുംകൂടിയാണത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.