ഭക്തിയുടെ നിറവില്‍ അയ്യപ്പ മഹാസംഗമം

Sunday 11 November 2012 9:51 am IST

ഗുരുവായൂര്‍ : ശബരിമല അയ്യപ്പ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ഗുരുസ്വാമിമാരും അയ്യപ്പ തീര്‍ത്ഥാടകരും മമ്മിയൂര്‍ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. അയ്യപ്പമഹാസംഗമം പന്തളം കൊട്ടാരം പ്രസിഡണ്ട്‌ ശ്രീമൂലം തിരുനാള്‍ ശശികുമാരവര്‍മ്മ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടനത്തിന്റെ അടിസ്ഥാന ആശയങ്ങളില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ പാടില്ലെന്ന്‌ ശ്രീമൂലം തിരുനാള്‍ ശശികുമാരവര്‍മ്മ പറഞ്ഞു. വ്രതനിഷ്ഠയും അനുഷ്ഠാനവും കൃത്യമായും കാര്‍കശ്യത്തോടും കൂടി പാലിക്കണം. ദേവസ്വം ഭരണാധികാരികളെ നിശ്ചയിക്കുന്ന ഇപ്പോഴത്തെ വ്യവസ്ഥിതി മാറണം. വഖഫ്‌ ബോര്‍ഡ്‌, ഹജ്ജ്‌ കമ്മിറ്റി തുടങ്ങിയ കാര്യങ്ങളില്‍ വിവാദമില്ല. പത്മനാഭസ്വാമിയുടെയും ദേവസ്വത്തിന്റെയും പ്രശ്നം വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നു. ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഏത്‌ ആപല്‍ഘട്ടത്തിലും താങ്ങും തണലുമായി അയ്യപ്പനുണ്ടെന്ന ദൃഢവിശ്വാസമാണ്‌ തന്നെ എന്നും നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പസേവാസമാജം പ്രസിഡണ്ട്‌ കെ.ജി.ജയന്‍ (ജയവിജയ) അദ്ധ്യക്ഷത വഹിച്ചു.അയ്യപ്പതീര്‍ത്ഥാടനത്തിന്റെ ഉള്‍ക്കരുത്ത്‌ വ്രതശുദ്ധിയാണെന്ന്‌ കെ.ജി.ജയന്‍ (ജയവിജയ) പറഞ്ഞു. സേവനം അയ്യപ്പനുള്ള പൂജയാണ്‌. ഏത്‌ തരത്തിലുള്ള സഹായവും ഈശ്വരസേവയാണ്‌. ചൂഷണവും ബുദ്ധിമുട്ടുമില്ലാത്ത തീര്‍ത്ഥാടനമുണ്ടാവാന്‍ അയ്യപ്പന്മാര്‍ ഒരുമിക്കണം. ഭക്തിയും പ്രചാരവും വര്‍ദ്ധിപ്പിക്കാന്‍ അയ്യപ്പ ഗാനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ജയന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌ സ്വാഗതം ആശംസിച്ചു. അയ്യപ്പസേവാസമാജം അടുത്ത തീര്‍ത്ഥാടന കാലത്ത്‌ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സാമൂതിരി കോവിലകം ഏറാള്‍പ്പാട്‌ പി.കെ.എസ്‌.രാജ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി. ഉദ്ഘാടനം ചെയ്തു.
ഇന്ന്‌ പരാധീനക്കാരായ ഹൈന്ദവ ഭക്തര്‍ക്ക്‌ മതിയായ ബോധവല്‍ക്കരണത്തിന്‌ സാധ്യതകള്‍ ലഭിക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ സ്വന്തം അവസ്ഥക്കും വരുമാനത്തിനും നിരക്കാത്ത നിലയില്‍ ആരാധനകളുടെ പേരില്‍ ധാരാളം പണം ചിലവഴിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്നാല്‍ പിന്നെ ആരാധനയില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുന്നതുമൂലം ഹൈന്ദവകുലം സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ പോകുന്നു. അങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇത്തരം അയ്യപ്പസത്രങ്ങള്‍ നടത്തേണ്ടത്‌ അനിവാര്യമാണെന്നും സാമൂതിരി കോവിലകം ഏറാള്‍പ്പാട്‌ പികെസി രാജ പറഞ്ഞു.
ആന്ധ്രാപ്രദേശ്‌ അയ്യപ്പസേവാസമാജം പ്രസിഡണ്ട്‌ എസ്‌.സുദര്‍ശന്‍ റെഡ്ഡി, തമിഴ്‌നാട്‌ അയ്യപ്പസമാജം ജനറല്‍ സെക്രട്ടറി ഈറോട്‌ രാജന്‍ സ്വാമി, ജയപ്രകാശ്‌ സ്വാമി, ഗോപിനാഥ്‌ (കര്‍ണാടക) തുടങ്ങിയവര്‍ ദേശീയ തീര്‍ത്ഥാടക സമ്മേളനത്തില്‍ പ്രസംഗിച്ചു. ശബരിമല സേവാകേന്ദ്രം പ്രമുഖ്‌ കെ.കെ.മൂര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. യുവ അയ്യപ്പ ഗായകന്‍ സന്നിധാനന്ദന്‍, അമ്പലപ്പുഴ പേട്ട കെട്ട്‌ സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ ഗുരുസ്വാമി, തിരുവാഭരണ പേടക വാഹകരായ ഗംഗാധരന്‍ പിള്ള ഗുരുസ്വാമി, മരുതൂമന ശിവപിള്ള സ്വാമി, പ്രതാപന്‍ പല്ലക്ക്‌ വാഹകന്‍ വേണുഗോപാല്‍ സ്വാമി, ഐക്യമലയരയ മഹാസഭ പ്രസിഡണ്ട്‌ കെ.ആര്‍.ഭാസി, അയ്യപ്പന്‍ തീയാട്ട്‌ കലാകാരന്‍ തീയാടി രാമന്‍ സ്വാമി, ശബരിമല പള്ളിനായാട്ട്‌ വിളികാരന്‍ രവീന്ദ്രന്‍ പിള്ള, മണര്‍കാട്‌ അയ്യപ്പസംഘം ഗുരുസ്വാമി രവിമനോഹര്‍, ശബരിമല സേവാകേന്ദ്രപ്രമുഖ്‌ കെ.കെ. മൂര്‍ത്തിസ്വാമി തുടങ്ങി അയ്യപ്പ തീര്‍ത്ഥാടനവുമായി വിശ്വാസപരമായും ആചാരപരമായും ബന്ധപ്പെട്ടവരെ സംഗമത്തില്‍ ആദരിച്ചു. സമാപനസമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍, വി.കെ.വിശ്വനാഥന്‍, എ.ആര്‍.മോഹനന്‍, എസ്‌.രമേശന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.