മാര്‍ക്ക് 1200ല്‍ 1200; പക്ഷേ അപര്‍ണ്ണയ്ക്ക് അഡ്മിഷനില്ല

Tuesday 5 June 2018 2:30 am IST

കൊച്ചി: പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും വാങ്ങി വിജയിച്ചതാണ് അപര്‍ണ്ണ. മുഴുവന്‍ മാര്‍ക്കും കിട്ടിയതിനാല്‍ അഡ്മിഷന്‍ ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അപര്‍ണ്ണയ്ക്ക് ഇക്കുറി ബിരുദത്തിന് പ്രവേശിക്കാനാവില്ല. ഗ്രേസ്മാര്‍ക്ക് സമ്പ്രദായമാണ് അപര്‍ണ്ണയുടെ ഉന്നത പഠനത്തിന് വിലങ്ങുതടിയായത്. അപര്‍ണ്ണയേക്കാള്‍ മാര്‍ക്ക് കുറവുള്ള ഒട്ടേറെപ്പേര്‍ ഗ്രേസ് മാര്‍ക്കിലൂടെ പ്രവേശനപ്പട്ടികയില്‍ ഇടംപിച്ചു. ഇതോടെ, നല്ലരീതിയില്‍ പഠിക്കുന്ന ഒരുകുട്ടിയുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. 

എറണാകുളം തേവര എസ്എച്ച് സ്‌കൂളില്‍ നിന്ന് പ്ലസ്ടു കൊമേഴ്‌സ് വിഷയത്തിലാണ് അപര്‍ണ്ണ മുഴുവന്‍ മാര്‍ക്കും നേടിയത്. എസ്എച്ച് കോളേജില്‍ ബികോം ടാക്‌സേഷന് പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍, റാങ്ക് ലിസ്റ്റില്‍ അപര്‍ണ്ണ ഉള്‍പ്പെട്ടിട്ടില്ല. വെയിറ്റിംഗ് ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് അപര്‍ണ. മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനാല്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ മറ്റൊരിടത്തും അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രേസ് മാര്‍ക്കിലൂടെ മുന്നിലെത്തിയതാണ് അപര്‍ണ്ണയ്ക്ക് തിരിച്ചടിയായത്. ഗ്രേസ് മാര്‍ക്ക് സമ്പ്രദായം ആവശ്യമോ എന്ന ചോദ്യമാണ് അപര്‍ണ്ണയ്ക്ക് അഡ്മിഷന്‍ നിഷേധിച്ചതിലൂടെ ഉയരുന്നത്.

 സംസ്ഥാനത്ത് 150 പേര്‍ക്കാണ് പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. എറണാകുളം ജില്ലയില്‍ നിന്ന് അപര്‍ണ്ണയടക്കം എട്ടുപേര്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ഗ്രേസ്മാര്‍ക്ക് അപര്‍ണ്ണയ്ക്ക് മാത്രമല്ല, കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മറ്റു പലകുട്ടികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ബിരുദത്തിന് അഡ്മിഷന്‍ കിട്ടാത്തതിനാല്‍ അപര്‍ണ്ണയെ ഇനി എന്ത് പഠിപ്പിക്കുമെന്ന ചിന്തയിലാണ് അച്ഛനമ്മമാരായ എറണാകുളം രവിപുരം കൊല്ലശ്ശേരി മഠിത്തില്‍ രഘുനാഥും പുഷ്പലതയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.