കെ.സി. വേണുഗോപാലിനെതിരെ കര്‍ണാടക കോണ്‍ഗ്രസ്സില്‍ പ്രതിഷേധം

Tuesday 5 June 2018 2:32 am IST

ബെംഗളൂരു: സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി കെ.സി. വേണുഗോപാലും ഹൈക്കമാന്‍ഡും കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ കര്‍ണാടക കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നു. 

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി  പ്രസിഡന്റ് ജി. പരമേശ്വര, മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്. 

മുഖ്യമന്ത്രി പദം പങ്കിടല്‍, ഉപമുഖ്യമന്ത്രിമാര്‍, വകുപ്പ് വിഭജനം, മന്ത്രിമാരെ നിശ്ചയിക്കല്‍ തുടങ്ങി ഒരു കാര്യത്തിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ആലോചിക്കുന്നില്ല. പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ ബലിയാടാക്കുകയാണെന്നാണ് പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്. 79 സീറ്റുള്ള കോണ്‍ഗ്രസ്സിനെ 38 സീറ്റുള്ള ജെഡിഎസ്സിന് അടിയറവ് വെക്കുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയെ പിന്നോട്ടു നയിക്കുമെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍. 

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തിടുക്കപ്പെട്ട് ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പിന്തുണ നല്‍കിയെങ്കിലും പിന്നീട് മുഖ്യമന്ത്രി സ്ഥാനം 30 മാസം വീതം പങ്കിടണമെന്ന ആവശ്യം കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകം മുന്നോട്ട് വച്ചിരുന്നു. 

എന്നാല്‍ അഞ്ച് വര്‍ഷവും താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് കുമാരസ്വാമി പ്രസ്താവിച്ചു.  ഇതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെയാകും മുഖ്യമന്ത്രി എന്ന് കെ.സി. വേണുഗോപാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളോട് ആലോചിക്കാതെയായിരുന്നു ഇത്.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ധനകാര്യം, ഊര്‍ജം, പൊതുമരാമത്ത് വകുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ ഒരാവശ്യവും ജെഡിഎസ് അംഗീകരിച്ചില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പ്രധാന വകുപ്പുകള്‍ക്കുമായി ഉറച്ചു നിന്നെങ്കിലും രാഹുല്‍ഗാന്ധി കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥതയില്‍ കുമാരസ്വാമിയുമായി നടത്തിയ ചര്‍ച്ചയില്‍ ജെഡിഎസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചു നല്‍കി. 

തെരഞ്ഞെടുപ്പിനെ നേരിട്ടതും ഇതേ അവസ്ഥയിലാണെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചാരണ തന്ത്രങ്ങള്‍ ഒന്നിലും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചില്ല. രാഹുല്‍ഗാന്ധിയും കെ.സി. വേണുഗോപാലും സിദ്ധരാമയ്യയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. 

ദയനീയ തോല്‍വിയോടെ പ്രതിഷേധം ഭയന്ന് മാറി നിന്ന കെ.സി. വേണുഗോപാല്‍ ബിജെപി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവെച്ച ശേഷമാണ് കളത്തില്‍ എത്തിയത്. അധികാരം ലഭിക്കാന്‍ കരുക്കള്‍ നീക്കിയ ഡി.കെ. ശിവകുമാര്‍, മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ കളത്തിന് പുറത്താണ്. കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളുടെ വീതംവെപ്പിലും ജെഡിഎസ്സിന്റെ ആവശ്യത്തിന് വഴങ്ങിയാല്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.