ഞെട്ടാന്‍ കാത്തിരിക്കുക, ഇനിയും വരും എക്‌സ്‌ക്ലൂസീവ്

Tuesday 5 June 2018 2:38 am IST

കൊച്ചി: എക്‌സ്‌ക്ലൂസീവ് സ്‌റ്റോറികള്‍ എന്നും ലീലാ മേനോന്‍ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തയ്ക്ക് ഹരമായിരുന്നു. ആരെയും കൂസാതെ എല്ലാം തുറന്നെഴുതാന്‍ ഇനി ലീലാമേനോന്‍ ഇല്ല. പക്ഷേ, കേരളം ഞെട്ടുന്ന ഒരു എക്‌സ്‌ക്ലൂസീവ്  തയ്യാറാക്കി വെച്ചാണ് ലീലാമേനോന്‍ വിട പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അത് വാനയക്കാരിലെത്താം. 

എഴുത്തുകാരി കമല സുരയ്യയുടെ ആരും കേള്‍ക്കാത്തതും പറയാത്തതുമായ ജീവിത കഥയാണത്. 121 പേജുള്ള  ആ യഥാര്‍ത്ഥ ജീവിത കഥ പ്രസിദ്ധപ്പെടുത്തണമെന്നത് ലീലാ മേനോന്റെ വലിയ ആഗ്രഹമായിരുന്നു. രോഗത്തിന്റെ അവശതയില്‍ കഴിയുമ്പോഴും ആ കഥ എല്ലാവരും അറിയണമെന്ന് അവര്‍ ആഗ്രഹിച്ചു. കമല സുരയ്യ പറഞ്ഞ പച്ചയായ പല സത്യങ്ങളും ആ എഴുത്തില്‍ അതേപടിയുണ്ട്. ഇതിന് മുമ്പ് ഒരുതവണ അത് പുസ്തകമായി പ്രസിദ്ധപ്പെടുത്താന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ, ചില കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായി. ആരെയൊക്കെയോ പേടിപ്പെടുത്തുന്നതു പലതും  ആ എഴുത്തിലുണ്ടായിരുന്നു എന്നു വ്യക്തം. 

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് വെച്ചിട്ടുള്ള ആ കഥ ഇപ്പോഴും ലീലാ മേനോന്റെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലുണ്ട്. രോഗത്തോട് മല്ലടിക്കുന്ന അവസാന നാളുകളിലും ആ കൃതിയെക്കുറിച്ചാണ്ഏറെ പറഞ്ഞത്. അതുകൊണ്ടുതന്നെ ലീലാമേനോനെ ഏറെ സ്‌നേഹിക്കുന്നവര്‍ ആ ദൗത്യം ഏറ്റെടുക്കും. കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, അവരോടൊപ്പം എന്നും കൂട്ടായി നിന്നവര്‍...ആരില്‍ നിന്ന് വേണമെങ്കിലും അത് പ്രതീക്ഷിക്കാം. എതിര്‍പ്പുമായി വന്നാലും അവസാന എക്‌സ്‌ക്ലൂസീവായി പുസ്തകം പുറത്തിറക്കുമെന്ന ദൃഢനിശ്ചയത്തിലാണവര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.