മംഗളാദേവി: തമിഴ്‌നാട്ടില്‍ നിന്ന് വഴി വേണമെന്ന് ആവശ്യം

Tuesday 5 June 2018 2:43 am IST

പീരുമേട്(ഇടുക്കി): സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍മ്മാണത്തിന് തുക അനുവദിച്ചതോടെ മംഗളാദേവി ക്ഷേത്രത്തിന്റെ അവകാശവാദമുന്നയിച്ച് വീണ്ടും വിവാദമുണ്ടാക്കാന്‍ നീക്കം. ക്ഷേത്രത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള നടപ്പുവഴി വീതികൂട്ടി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണകി കോവില്‍ ട്രസ്റ്റാണ് രംഗത്തെത്തിയിരിക്കുന്നത്. 

പെരിയാര്‍ കടുവ സങ്കേതത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് പൂര്‍ണ്ണമായും കേരളത്തിന് ഉള്ളില്‍തന്നെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് ഇത് ഭക്തര്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നത്. ഒരുമാസം മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തകര്‍ന്നുകിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനും തകര്‍ന്ന വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. 

കേരളത്തിലേത് പോലെ തന്നെ ഈ തീരുമാനം ഏറെ സന്തോഷത്തോടെയാണ് തമിഴ്‌നാട്ടിലെ ഭക്തരും ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി മംഗളാദേവി ക്ഷേത്രത്തിന്റെ മലയടിവാരമായ ലോവര്‍ക്യാമ്പിലെ പിളയകുടിയില്‍ നിരവധി തമിഴ് സ്ത്രീകള്‍ കണ്ണകിക്ക് പൊങ്കാലയും അര്‍പ്പിച്ചു. മംഗളാദേവി ക്ഷേത്രത്തിലേക്ക് പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെയാണ് അധികമായി ഭക്തര്‍ കടന്ന് പോകുന്നത.് 

തമിഴ്‌നാട്ടില്‍നിന്ന് കുറച്ചുപേര്‍ പിളയക്കുടിയില്‍ നിന്ന് വനത്തിലൂടെ കാല്‍നടയായും എത്താറുണ്ട്. ഈ പാതയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് പണിത് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത.് അല്ലാത്തപക്ഷം ക്ഷേത്രം കേരളത്തിന്റെ അധീനതയിലാകുമെന്നും ഇവര്‍ വാദിക്കുന്നു. ന്വടപടി ആകാത്തപക്ഷം സമരം തുടങ്ങാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.