കെവിന്‍ വധം ; പ്രതികള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചത് അന്വേഷിക്കുന്നു

Tuesday 5 June 2018 2:45 am IST

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നാല് വാളുകളാണ് ഞായറാഴ്ച തെളിവെടുപ്പിനിടെ തെന്മല ചാലിയേക്കരയില്‍ നിന്ന് കണ്ടെടുത്തത്. ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട കൊലപാതക സംഘത്തിന് മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

ഇതിനിടെ കെവിന്‍ കേസില്‍ അറസ്റ്റിലായ 14 പേരും ഒരേരീതിയില്‍ മൊഴികൊടുത്തത്  പ്രത്യേക അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. തങ്ങളുടെ കയ്യില്‍നിന്ന് കെവിന്‍ രക്ഷപ്പെട്ടോടിയപ്പോള്‍ ആറ്റില്‍ വീണതാകാമെന്നും മറ്റൊന്നും അറിയില്ലെന്നാണ് പ്രതികള്‍ മൊഴി കൊടുത്തത്. ആരോ പഠിപ്പിച്ചുവിട്ട രീതിയിലാണ് പ്രതികള്‍ മൊഴിനല്‍കിയത്. അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആറ്റിലേക്ക് ഓടിച്ച് വീഴ്ത്തിയെന്നാണ് പോലീസ് കേസ്. കേസ് കൊലപാതകമാണെന്ന് ഐജി വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ കൊലക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രതികള്‍ ഒരേരീതിയില്‍ മൊഴി നല്‍കിയതെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ഈ സാഹര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്ന് സ്ഥാപിക്കാനാണ് പോലീസിന്റെ നീക്കം. ഇന്നലെ കെവിന്‍ വധക്കേസിലെ 10 മുതല്‍ 14 വരെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. വിഷ്ണു (24) ഷെറീഫ് (25) ഷാനു (24) ഷൈനു (22) റമീസ് (24)  എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.