ടിയാനെന്‍മെന്‍ 29-ാം വാര്‍ഷികം; ടാങ്ക്മാനെ അനുസ്മരിച്ച് ചൈന

Tuesday 5 June 2018 2:47 am IST

ബെയ്ജിങ്: ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായ ടിയാനെന്‍മെന്‍ പ്രക്ഷോഭത്തിന്റെ 29-ാം വാര്‍ഷികത്തില്‍ ടാങ്ക്മാനെ അനുസ്മരിച്ച് ചൈനീസ് ജനത. 1989 ജൂണ്‍ നാലിനാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിച്ച  വിദ്യാര്‍ത്ഥി സമൂഹത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്.

ജൂണ്‍ അഞ്ചിന് ടിയാനന്‍മെന്‍  ചത്വരത്തിന്റെ നിയന്ത്രണം പട്ടാളം പൂര്‍ണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാര്‍ച്ച് ചെയ്ത ടാങ്കുകളുടെ മുന്നിലേക്ക് എവിടെ നിന്നോ അജ്ഞാതന്‍ വന്നു. രണ്ടുകൈകളിലും കവറുകള്‍ തൂക്കിയായിരുന്നു ആ നില്‍പ്പ്. പക്ഷേ ടാങ്കുകള്‍ അയാള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയില്ല, പകരം കാത്ത് നിന്നു. മാറാന്‍ തയ്യാറല്ലാതെ നിലയുറപ്പിച്ച ഇയാളെ പിന്നീട് കണ്ടുനിന്നവരില്‍ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം അവിടെ നിന്നും നീക്കി. പിന്നീടവര്‍ ആദരപൂര്‍വ്വം ഈ അജ്ഞാതനെ ടാങ്ക്മാന്‍ എന്നുവിളിച്ചു. 

കാര്‍ട്ടൂണിസ്റ്റായ ബദ്യുകോയാണ് ടാങ്ക്‌മെന്‍2018 എന്ന ഹാഷ്ടാഗില്‍ ഇയാളെ ആദ്യം അനുസ്മരിച്ചത്. പിന്നീടത് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. രണ്ടുകൈകളിലും കവറുകളുമായി നിരത്തുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ബദ്യുകോയുടെ പ്രവര്‍ത്തിക്ക് പിന്തുണയേകി. എങ്ങനെയാണ് പടമെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും കാര്‍ട്ടൂണിസ്റ്റ് തന്നെ നല്‍കിയിരുന്നു. 

1989ലെ പ്രക്ഷോഭസമയത്തെ വിദ്യാര്‍ത്ഥി നേതാവായിരുന്ന സോ ഫെന്‍ഗ്‌സോ സമാനമായ രീതിയില്‍ ഫോട്ടോയെടുത്ത് വാഷിങ്ടണില്‍ നിന്നും പോസ്റ്റ് ചെയ്തതോടെ കാമ്പയിനിന് സ്വീകാര്യതയേറുകയായിരുന്നു. ടിയാനെന്‍മെന്‍ പ്രക്ഷോഭത്തില്‍ മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെട്ടെങ്കിലും 5000 പേരോളം മരിച്ചിട്ടുണ്ടാകുമെന്ന് ചൈന സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.