സര്‍ക്കാര്‍ അനാസ്ഥ; കുട്ടനാട്ടില്‍ രണ്ടാം കൃഷി പകുതിയായി കുറഞ്ഞു

Tuesday 5 June 2018 2:52 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഗണ്യമായി കുറയുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയെ പോലും സാരമായി ബാധിക്കുന്ന വിഷയമായിട്ടും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല.  ഉല്‍പാദന വര്‍ദ്ധനയ്ക്കോ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനോ യാതൊരു പദ്ധതിയും സര്‍ക്കാരിനില്ലെന്ന് വിമര്‍ശനവും ഉയരുന്നു. 

 കഴിഞ്ഞ സീസണില്‍ പതിനായിരം ഹെക്ടറിനു മുകളില്‍ രണ്ടാംകൃഷി ഇറക്കിയിരുന്ന സ്ഥാനത്ത് ഇക്കുറി അയ്യായിരം ഹെക്ടറില്‍ താഴെയാണ് കൃഷി. ഈ രീതിയില്‍ പോയാല്‍ വരും കാലങ്ങളില്‍ രണ്ടാംകൃഷി ചരിത്രമായി മാറും. രണ്ടാംകൃഷി ഇറക്കാന്‍ രംഗത്തെത്തുന്നവരെ കൃഷി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, മാനസികമായി തളര്‍ത്തുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു. 

 പുഞ്ച കൃഷിക്ക് 1,800 രൂപ ഏക്കറിന് പമ്പിങ് സബ്സിഡി നല്‍കുമ്പോള്‍ രണ്ടാം കൃഷിക്ക് 1,900 രൂപയാണ് ഏക്കറിന് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി രണ്ടാംകൃഷി ഇറക്കണം. കഴിഞ്ഞ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകര്‍ ഇക്കുറിയും രണ്ടാം കൃഷിക്ക് സജ്ജമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ കൃഷിയുടെ പമ്പിങ് സബ്സിഡിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത് കിട്ടില്ലെന്ന് മാത്രമല്ല, തുടര്‍ച്ചയായി ചെയ്തെങ്കിലേ അത് ലഭിക്കൂ എന്നതാണ് കൃഷി വകുപ്പിന്റെ നയമെന്ന് അറിയുന്നത്. 

  ഇതോടെ നിരവധി കര്‍ഷകര്‍ രണ്ടാംകൃഷിയില്‍ നിന്നും പിന്മാറിയത്. കൃഷിവകുപ്പ് രണ്ടാം കൃഷിയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരും പാടശേഖര സമിതികളും ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.