തിരുപ്പതിസാരം മഹാവിഷ്ണു സന്നിധി

Tuesday 5 June 2018 3:03 am IST

നാഗര്‍കോവിലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നായ തിരുപ്പതിസാരം ക്ഷേത്രം.  തിരുവാഴ്മാര്‍ബന്‍ എന്നും തിരുക്കുറലപ്പന്‍ എന്നും അറിയപ്പെടുന്നു.ഭഗവാന്‍ മഹാവിഷ്ണു ശ്രീരാമന്റെ രൂപത്തില്‍ വിഭീഷണന് ഇവിടെ ദര്‍ശനം നല്‍കിയതായാണ് ഐതിഹ്യം. ചതുര്‍ബാഹുവായ ഭഗവാന്റെ കൈകളില്‍ ശംഖും ചക്രവും കാണാം.

അയോദ്ധ്യയില്‍ ശ്രീരാമപട്ടാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് മടങ്ങവെ, ശ്രീരംഗനാഥന്റെ പൂജാവിഗ്രഹം കാവേരീതീരത്ത് വയ്ക്കാന്‍ വിഭീഷണന്‍ നിര്‍ബന്ധിതനായി. ശ്രീരംഗത്തു നിന്ന് ലങ്കയിലേക്ക് മടങ്ങും വഴി രാമനെത്തന്നെ ഓര്‍ത്തുകഴിയുകയായിരുന്ന വിഭീഷണന്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയത്രെ.

ഭഗവാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീരാമ ദര്‍ശനത്തിനാണത്രെ വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. വിഷ്ണുഭഗവാന്‍, ഉടന്‍ ശ്രീരാമന്റെ രൂപത്തില്‍ ദര്‍ശനം നല്‍കുകയും ചെയ്തു. അതുകൊണ്ട് മൂല പ്രതിഷ്ഠയുടെ വലതുവശത്തായി ശ്രീരാമന്റെയും സീതാദേവിയുടേയും ലക്ഷ്മണന്റെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

തിരുവന്‍ പരിസരം, തിരുപരിസരം, തൃപ്പതിസാരം എന്നും ഈ സ്ഥലത്തിന് പേരുണ്ട്.ഉദയനങ്ങയുടെ ജന്മസ്ഥലമാണ് ഇവിടം. കുറുഗുറിലെ ഒരാള്‍ അവരെ വിവാഹം കഴിച്ചു. കുട്ടികളില്ലാത്തതില്‍ ദുഃഖിച്ചു കഴിയുകയായിരുന്ന അവര്‍ തിരുക്കുറുങ്കുടിയിലെ നമ്പി ഭഗവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 41 ദിവസം തൃപ്പതിസാരം ക്ഷേത്രത്തില്‍ തപസ്സനുഷ്ഠിച്ചു. ഇതിന്റെ ഫലമായി ഗര്‍ഭം ധരിച്ച ഇവര്‍ക്കുണ്ടായ കുഞ്ഞാണ് നമ്മാഴ്‌വാര്‍. പിറന്നുവീണ കുഞ്ഞ് കരയുകയോ പാല്‍കുടിക്കുകയോ ചെയ്തില്ല. ആഴ്‌വാര്‍ തിരുനഗരിയിലെ ഒരു പുളിമരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച കുട്ടി വര്‍ഷങ്ങളോളം മൗനം ഭജിച്ച് തപസ്സ് തുടര്‍ന്നു. പിന്നീടാണ് വൈഷ്ണവ കവിയായി ഇദ്ദേഹം പേരെടുത്തത്.

വൈഷ്ണവ ഭക്തകവികളായ ആഴ്‌വാര്‍മാര്‍ രചിച്ച സ്‌തോത്രങ്ങള്‍ ജ്ഞാനസാരമത്രെ. നാലായിരം ദിവ്യപ്രബന്ധങ്ങള്‍ എന്നറിയപ്പെടുന്ന ഈ സ്‌തോത്രങ്ങള്‍ അതതു വൈഷ്ണവ സന്നിധികളില്‍ പാടി ഉപാസിക്കുന്നത് വളരെയേറെ നല്ലതാണ്.സപ്തര്‍ഷികള്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുന്നതിനായി ശുചീന്ദ്രത്തിനു സമീപം ഒരിടത്ത് തപസ്സനുഷ്ഠിച്ചു.  ശുചീന്ദ്രത്തിന് പത്തു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി വീണ്ടും തപസ്സനുഷ്ഠിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശമുണ്ടായി. പിന്നീട് തിരുവന്‍ പരിസരത്ത് മഹാവിഷ്ണു ഏഴ് ഋഷികള്‍ക്കും ദര്‍ശനം നല്‍കിയതായി പറയപ്പെടുന്നു.

അസുരനായ ഹിരണ്യകശിപുവിന്റെ മാറ് പിളര്‍ന്ന് കൊന്ന ശേഷം നരസിംഹസ്വാമിയുടെ കോപം ശമിക്കുകയുണ്ടായില്ല. ഭഗവാന്റെ കോപം ശമിപ്പിക്കുന്നതിനായി ദേവി മഹാലക്ഷ്മിയും ഇവിടെ തപസ്സനുഷ്ഠിച്ചുവത്രെ. പ്രഹ്ലാദന്റെ അഭ്യര്‍ത്ഥന മാനിച്ച് ലക്ഷ്മീദേവിയെ തേടി നരസിംഹസ്വാമി ഇവിടെയെത്തി. കോപംലേശവുമില്ലാതെ ശാന്തസ്വരൂപിയായി ഭഗവാനെ കï് സന്തുഷ്ടയായ ദേവി ഭഗവാന്റെ ഹൃദയത്തില്‍ തനിക്ക് ഒരു ഇടം ആവശ്യപ്പെട്ടുവെന്നും ഭഗവാന്‍ അത്യാഹ്ലാദത്തോടെ അതനുവദിച്ചുവെന്നും പറയുന്നു. അങ്ങനെ ലക്ഷ്മി, ഭഗവാന്റെ മാറില്‍ വസിക്കുന്നതിനാലാണത്രേ തിരുവാഴ്മാര്‍ബ്ബന്‍ എന്ന് ഭഗവാന് പേര് വന്നത്.

ഹനുമാന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് അഗസ്ത്യമഹര്‍ഷി ഇവിടുത്തെ ഭക്തന്മാര്‍ക്കു മുന്നില്‍ രാമായണകഥ പൂര്‍ണമായും പറഞ്ഞു പോല്‍. ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി അഗസ്ത്യമഹര്‍ഷിയുടെയും ഹനുമാന്റെയും പ്രതിഷ്ഠകളുണ്ടിവിടെ. ഇരിക്കുന്ന നിലയിലുള്ള അഗസ്ത്യമഹര്‍ഷിക്കു മുമ്പിലായി എതിര്‍വശത്ത് കൂപ്പിയ കൈകളോടെ നില്‍ക്കുന്ന ഹനുമാനെയാണ് ഇവിടെ കാണുന്നത്. വിഭീഷണന്റെയും കുലശേഖര ആഴ്‌വാരുടെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

മുഖ്യപ്രതിഷ്ഠയ്ക്ക് ഇടതുവശത്തായി കുഞ്ഞായനമ്മാഴ്‌വാരുടെ പ്രതിഷ്ഠയും കാണാം.തിരുക്കുറലപ്പന്റെ മാറിലായി കമലവല്ലി തായാറെ കാണാം.രാവിലെ 4 ന് തുറക്കുന്ന അമ്പലം 10.30 ന് അടയ്ക്കും. വൈകിട്ട് 5.30 ന് തുറന്ന് 7.30 ന് അടയ്ക്കും.ചിത്തിര, പുരട്ടാശി ഉത്സവങ്ങള്‍ വളരെ പ്രധാനമാണ്. എല്ലാ ശനിയാഴ്ചകളും ഇവിടെ പ്രത്യേകതയുള്ളതാണ്.വൈകുണ്ഠ ഏകാദശിയും ആവണി മാസത്തിലെ തിരുവോണവും വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ ജംഗ്ഷനില്‍നിന്ന് തിരുനെല്‍വേലി ഹൈവേയില്‍ കയറി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഹൈവേ വിട്ട് രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ക്ഷേത്രത്തിലെത്താം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.