കെവിന്റെ കൊലപാതകം: പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി; സിപിഎമ്മിന് പങ്കെന്ന് പ്രതിപക്ഷം

Tuesday 5 June 2018 3:09 am IST

തിരുവനന്തപുരം: കെവിന്റേത് കൊലപാതകമാണെന്നും  കേസെടുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്. പോലീസ് യഥാസമയം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ല. പോലീസുകാര്‍ക്കെതിരെ കര്‍ക്കശ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.  പ്രതികളെ സംരക്ഷിക്കില്ലെന്നും, കൊലപാതകി കൊലപാതകി തന്നെയാണെന്നും പറഞ്ഞ മുഖ്യമന്ത്രി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൊലപാതത്തിന് പ്രതിപക്ഷം രാഷ്ട്രീയ നിറം നല്‍കി.  കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് അടിയന്തര പ്രമേയനോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐക്കാരണ് പ്രതികള്‍. കെവിന്‍ കേസ് വഴിതിരിച്ചുവിടാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. കെവിനെ കൊണ്ടുപോയി കൊല്ലിച്ചത് സിപിഎമ്മാണ്. സ്‌റ്റേഷനകത്തുവച്ചു നീനുവിനെ  പിതാവ് ക്രൂരമായി മര്‍ദ്ദിച്ചിട്ടും പോലീസ് നോക്കിനിന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് വിദഗ്ദ്ധ സംഘമല്ല. പോലീസുകാര്‍ കേസിലെ പ്രതികളായതിനാല്‍ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍  ആവശ്യപ്പെട്ടു. 

കേരള പോലീസിന് ഗുരുതര രോഗം ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്  കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളുമായി സ്പീക്കറുടെ ചേമ്പറിനു മുന്നില്‍ പ്രതിപക്ഷം നിലയുറപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തി വച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.