പ്രബബ് മുഖര്‍ജി എരപ്പനെന്ന് യൂത്ത് കോണ്‍. നേതാവ് റിജില്‍ മാക്കുറ്റി

Tuesday 5 June 2018 3:12 am IST

കണ്ണൂര്‍: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എരപ്പനെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മുന്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയാണ് ഫെയ്‌സ് ബുക്കില്‍ പ്രണബ് മുഖര്‍ജിയെ അവഹേളിച്ച് പോസ്റ്റിട്ടത്. പ്രണബ് മുഖര്‍ജിയോട് 'ഒരു ലോഡ് പുച്ഛം' എന്ന പരാമര്‍ശത്തോടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ബംഗാളിലെ കോണ്‍ഗ്രസ്സിനെ നാമാവശേഷമാക്കിയ നിങ്ങള്‍, കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് ഒരു വ്യക്തിക്ക് ആകാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പദവിയില്‍ എത്തിയ താങ്കള്‍ ആര്‍എസ്എസ് കേന്ദ്രമായ നാഗ്പൂരില്‍ പോയി പ്രസംഗിക്കുന്നത് ഇന്ത്യന്‍ ജനതയോടും നിങ്ങളെ നിങ്ങളാക്കിയ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടും ചെയ്യുന്ന കൊടുംചതിയാണ്. ഇതു പോലുള്ള എരപ്പന്മാരാണ് കോണ്‍ഗ്രസ്സിന്റെ എപ്പോഴത്തെയും ശാപമെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

നേരത്തെ കണ്ണൂര്‍ നഗരത്തില്‍ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മൂന്ന് മാസം പ്രായമായ കന്നുകുട്ടിയെ പരസ്യമായി വെട്ടിക്കൊന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയിരുന്നു. കന്നുകുട്ടിയുടെ ചുടുചോര കൈകളിലെടുത്ത് റിജില്‍ മാക്കുറ്റി നൃത്തം ചവിട്ടിയത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ് മാക്കുറ്റിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തായ മാക്കുറ്റി സിപിഎമ്മിലേക്ക് പോകാന്‍ നീക്കം നടത്തിയതായും സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

കണ്ണൂരില്‍ ഡിസിസി ഓഫീസിന് നേരെ നടന്ന അക്രമത്തിന് പിന്നില്‍ മാക്കുറ്റിയാണെന്ന ആരോപണവുമയര്‍ന്നിരുന്നു. തുടര്‍ന്ന് കെ. സുധാകരന്‍ ഉള്‍പ്പടെയുള്ള ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാളെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്‍പ്പടെ നിരവധി തവണ മത്സരിച്ച് അതിദയനീയമായി പരാജയപ്പെട്ട മാക്കുറ്റിയെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധമുയര്‍ത്തുമ്പോഴാണ് വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.