ലോക പരിസ്ഥിതി ദിനം ഇന്ന്; നാടിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുക്കാന്‍ മാതൃക പ്രവര്‍ത്തനങ്ങളുമായി സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍

Monday 4 June 2018 9:37 pm IST

 

കണ്ണൂര്‍: ലോക പരിസ്ഥിതി ദിനം ഇന്ന്. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വഴികാട്ടിയായി നാടിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുക്കാന്‍ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ കാലങ്ങളില്‍ ശ്രദ്ധേയമായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുളള സ്‌കൂള്‍ ഇത്തവണ ലോക പരിസ്ഥിതി ദിനമായ ഇന്ന് സ്‌കൂളിനേയും നാടിനേയും ഹരിതാഭമാക്കാനും ജൈവ വൈവിധ്യം തിരിച്ചു പിടിക്കാനുമായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 'എന്റെ സിഎച്ച്എം-ഒരു ഹരിത വിദ്യാലയം' എന്ന മുദ്രാവാക്യവുമായി ഹരിതോത്സവം-2018 എന്ന പേരിലാണ് വിവിധ പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.

ജൈവ പ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് വിദ്യാലയത്തെ ഹരിത വിദ്യാലയമാക്കിത്തീര്‍ക്കുക, പ്രകൃതി ഒരു പാഠപുസ്തകം എന്ന ആശയത്തിലൂന്നി വിദ്യാലയത്തെ പഠനോപകരണമാക്കുക, മാലിന്യമുക്ത സമൂഹം സൃഷ്ടിച്ചെടുക്കുക, വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക, പാരിസ്ഥിതിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നല്‍കുക, ഹരിതോത്സവത്തിന്റെ ഭാഗമായി ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധ്യാപകന്‍ കെ.എം.കൃഷ്ണകുമാര്‍ പറഞ്ഞു.

എട്ടാംതരത്തിലെ 21 ഡിവിഷനുകളിലും പരിസ്ഥിതിദിനമായ ഇന്ന് രാവിലെ സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് പരിസ്ഥിതി സന്ദേശം നല്‍കുകയും വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ നടുന്ന മരങ്ങള്‍ക്ക് പേരിടല്‍ ചടങ്ങ്, മരം കാണല്‍ ചടങ്ങ്, മരം സെല്‍ഫി മത്സരം, ടീ ഗാര്‍ഡ് ഫിറ്റിക്ക് ആന്റ് ടാഗിക്ക് എന്നിവ സംഘടിപ്പിക്കും. കൂടാതെ ഇന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് സമൂഹ ചിത്ര രചനാസന്ദേശം എന്ന പരിപാടിയും സംഘടിപ്പിക്കും. സ്‌കൂളില്‍ സ്ഥിരം ഹരിതസേന രൂപീകരിക്കാനും ക്യാമ്പസ് ഹരിതവല്‍ക്കരണം നടത്താനും ഹരിത യാത്രകള്‍ സംഘടിപ്പിക്കാനും കുട്ടികളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ആരംഭിക്കും. 

ഊര്‍ജ്ജ സംരക്ഷണത്തിന്റെ സന്ദേശവുമായി വിദ്യാര്‍ത്ഥികളുടേതും അല്ലാത്തതുമായ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാന്‍ പ്രേരണ നല്‍കും. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ക്ലാസ് റൂമുകളും പരിസരവും സീറോവെയിസ്റ്റ് സോണായി പ്രഖ്യാപിച്ച് നടപടികളെടുത്തു വരുന്നുണ്ട്. പരിസ്ഥിതി പ്രാധാന്യമുളള 10 ദിവസങ്ങള്‍ ഉത്സവങ്ങളായി ക്ലാസ്തലത്തില്‍ സംഘടിപ്പിക്കുന്നുമുണ്ട്. 

ഹരിതോത്സവം 2018 പദ്ധതി സംബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സൈന്‍ മുഹമ്മദ്, സി.മുഹമ്മദ്, ടി.ഫിദന്‍, ചാരുത പ്രകാശ്, കാര്‍ത്തികരാജ് എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.എം.കൃഷ്ണകുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ പി.സി.മുഹമ്മദ്, ക്ലബ് കോഡിനേറ്റര്‍ എ.പ്രകാശന്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നത്. ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.