സ്‌കൂളുകളില്‍ ഇടം കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ കോടതിയിലെത്തി

Monday 4 June 2018 9:38 pm IST

തലശ്ശേരി: നഷ്ടത്തിലാണെന്ന് പറഞ്ഞ് പുതിയ മാനേജ്‌മെന്റ് അടച്ചു പൂട്ടിയ വിദ്യാലയത്തിലെ കുട്ടികള്‍ തുടര്‍പഠനത്തിന് സാഹചര്യമൊരുക്കി നല്‍കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിക്കണമെന്നപേക്ഷിച്ച് കൂട്ടത്തോടെ തലശ്ശേരി കോടതിയിലെത്തി. എരഞ്ഞോളി കുണ്ടുര്‍ മലയിലെ ടി.വി.സുകുമാരന്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ 60 ഓളം വിദ്യാര്‍ത്ഥികളാണ് പുതിയ മാനേജ്‌മെന്റിന്റെ വാഗ്ദാന ലംഘനം ശ്രദ്ധയില്‍പ്പെടുത്താന്‍ ഇന്നലെ രാവിലെ രക്ഷിതാക്കള്‍ക്കൊപ്പം തലശ്ശേരി സബ്ബ് കോടതി മുന്‍പാകെ ഹാജരായത്. 

ഈ സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ നേരത്തെ തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ 29ന് പ്രിന്‍സിപ്പല്‍ സബ്ബ് കോടതി വിധി പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ഏതെങ്കിലും സ്‌കൂളുകളില്‍ മാനേജ്‌മെന്റിന്റെ ചെലവില്‍ പ്രവേശനം ഒരുക്കി നല്‍കണമെന്നും ഇതിന്റെ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ കോടതിയില്‍ സത്യവാങ്മൂലമായി ഹാജരാക്കണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ കോടതി നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ ഇതേവരെ പാലിച്ചില്ല. ഏതാനും രക്ഷിതാക്കള്‍ ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ ആക്ഷന്‍ കമ്മറ്റിയുടെ ആളുകളല്ലേ, അവരോട് പറയൂ എന്നായിരുന്നുവത്രെ മറുപടി. കോടതി ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഞങ്ങള്‍ നോക്കിക്കോളാമെന്ന് പറഞ്ഞതായി രക്ഷിതാക്കള്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അഡ്വ.ഹരീന്ദ്രന്‍ മുഖേന രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇന്നലെ കോടതിയിലെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.