ജില്ലാ ഹരിതോത്സവം മുണ്ടേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍

Monday 4 June 2018 9:39 pm IST

 

കണ്ണൂര്‍: ഹരിതോത്സവം 2018 എന്ന പേരില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5ന് മുണ്ടേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.കെ.രാഗേഷ് എംപി നിര്‍വ്വഹിക്കും. നേരത്തെ കൂത്തുപറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനിരുന്ന ഈ പരിപാടി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ തുറക്കല്‍ തീയതി നീട്ടിവെച്ചതുമൂലം ഇവിടേക്ക് മാറ്റുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക, ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ അഭിയാനും ഹരിതകേരള മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. ജൈവവൈവിധ്യ ഉദ്യാനം ഉപഹാര സമര്‍പ്പണം ചെയര്‍മാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി കെ.പി. ജയബാലന്‍, ഹരിതോത്സവം പുസ്തക വിതരണം ജില്ലാ പഞ്ചായത്ത് അംഗം മഹിജ.കെ, വൃക്ഷത്തൈവിതരണം ഡിഎഫ്ഒ, സുനില്‍ പാമിടി, പച്ചക്കറി വിത്ത് വിതരണം പ്രിന്‍സിപ്പല്‍ കൃഷ് ഓഫീസര്‍ മറിയം ജേക്കബ്, മുഖ്യമന്ത്രിയുടെ കത്ത് കൈമാറല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ഹരിതോത്സവ സന്ദേശം ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സോമശേഖരന്‍. ഇ.കെ.എന്നിവര്‍ നിര്‍വ്വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.സി. വിജയന്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.