ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി ജനകീയ സമിതി പായം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Monday 4 June 2018 9:40 pm IST

ഇരിട്ടി: പായം പഞ്ചായത്തിലെ വട്ട്യറ കരിയാലില്‍ ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിക്കാന്‍ പായം പഞ്ചായത്ത് എന്‍ഒസി നല്‍കിയതില്‍ പ്രതിഷേധിച്ച് കരിയാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരുടെ അഭിപ്രായം തേടാതെയാണ് പഞ്ചായത്ത് എന്‍ഒസി നല്‍കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ രണ്ടുതവണ ഗ്രാമസഭ ചേര്‍ന്നെങ്കിലും ഈ വിഷയത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കം ഉടലെടുക്കുകയും ജനങ്ങള്‍ ചേരിതിരിഞ്ഞു കയ്യാങ്കളിയില്‍ വരെ എത്തുകയും ചെയ്തിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ജനകീയ സമിതി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതിയും നല്‍കിയിട്ടുണ്ട്. ഉപരോധത്തിന് ശേഷം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് ജനകീയ സമിതിയുടെ പരാതിയും കൈമാറി. മേഖല ഏറെ ജനസാന്ദ്രതയുള്ളതും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതുമായ പ്രദേശമാണെന്നും അസി. സെക്രട്ടറിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. കൂടാതെ സെമിത്തേരി നിര്‍മ്മിക്കുന്ന പള്ളിയോട് ചേര്‍ന്ന് നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കിണര്‍ മാത്രമുള്ള ലക്ഷം വീട് കോളനിയും, തൊട്ടടുത്ത് തന്നെ  കരിയാല്‍  മുത്തപ്പന്‍ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നതായും, മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന പ്രദേശത്തു അത് തകര്‍ക്കുന്ന സമീപനം പഞ്ചായത്തു അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും, സെമിത്തേരി നിര്‍മ്മിക്കാന്‍ പഞ്ചായത്ത്  നല്‍കിയ എന്‍ഒസി ഉടന്‍ പിന്‍വലിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ഉപരോധത്തിന് കരിയാല്‍ ജനകീയ സമിതി കണ്‍വീനര്‍ എ.ജയചന്ദ്രന്‍, എം.കെ.മനോജ്, ധനേഷ്, അജേഷ്, ബാബുരാജ്, പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.