നിര്‍മ്മാണത്തില്‍ അപാകത: പാലം അരമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനം

Monday 4 June 2018 9:46 pm IST

ഇരിട്ടി: തലശ്ശേരി  വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ ഇറക്കത്തില്‍ കല്ലുമുട്ടിയില്‍ പണിത ചെറിയ പാലം അരമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനം. ഇവിടുത്തെ കലുങ്കിന് മുകളില്‍ തീര്‍ത്ത ചെറിയ പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടെന്നും ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്നും  വിവിധ കോണുകളില്‍ നിന്നും പരാതി ഉയരുകയും പായം പഞ്ചായത്ത്  അധികൃതര്‍ ഇത് സംബന്ധിച്ച ആശങ്ക കെഎസ്ടിപി യെയും നിര്‍മ്മാണകമ്പനി അധികൃതരേയും അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ലോകബാങ്കിന്റെ ഉന്നതതല സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയെത്തുടര്‍ന്നുള്ള വിലയിരുത്തലിലാണ് പാലം അരമീറ്റര്‍ കൂടി ഉയര്‍ത്താന്‍ തീരുമാനിച്ചത്. 

 പാലം നിര്‍മ്മിച്ചപ്പോള്‍ പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ഉയര്‍ന്നു നില്‍ക്കുമെന്നും ഇത് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നുമായിരുന്നു പരാതി. കൂടാതെ പഴശ്ശി സംഭരണിയില്‍ വെള്ളമുയര്‍ത്തുമ്പോള്‍ പാലത്തിനു മുകളില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുണ്ടെന്നും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്നും എല്ലാ വിധത്തിലുള്ള കാര്യങ്ങളും കണക്കിലെടുത്താണ് നിര്‍മ്മാണം നടത്തിയതെന്ന് അധികൃതര്‍ പരിശോധനക്ക് ശേഷം പറഞ്ഞിരുന്നു. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പാലത്തിന് പൊക്കക്കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അരമീറ്റര്‍കൂടി പൊക്കം കൂട്ടാന്‍ നടപടി ആയത്. പാലത്തിന്റെ കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ കഴിഞ്ഞതിനാല്‍ ഇതിന് മുകളില്‍ മണ്ണും കരിങ്കല്‍ ചീളുകളും പാകിയശേഷം ടാറിങ് നടത്താനാണ് തീരുമാനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.