കണ്ണൂര്‍ ജില്ലയെ നോക്കുകൂലി രഹിത ജില്ലയാക്കും

Monday 4 June 2018 9:48 pm IST

 

കണ്ണൂര്‍: കണ്ണൂരിനെ നോക്കുകൂലി രഹിത ജില്ലയാക്കാന്‍ തീവ്രയത്‌നവുമായി തൊഴില്‍ വകുപ്പ്. നോക്കുകൂലി വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചുമട്ടുതൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെട്ട അസി. ലേബര്‍ ഓഫീസുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

തൊഴില്‍ മേഖലകളില്‍ തൊഴിലാളി സംഘടനകള്‍ ലേബര്‍ സപ്ലൈ ചെയ്യുന്ന പ്രവണതയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലായാലും ഗാര്‍ഹിക മേഖലയിലായാലും തൊഴിലെടുക്കുന്നവര്‍ക്ക് സ്വന്തം നിലയില്‍ ഇഷ്ടമുള്ള തൊഴിലാളികളെ വെച്ച് ജോലി ചെയ്യിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ജില്ലയില്‍ നിശ്ചയിച്ച കൂലിയേക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുകയോ തൊഴില്‍ തടസ്സപ്പെടുത്തുകയോ മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്താല്‍ ബന്ധപ്പെട്ട തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും. അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

ജില്ലയിലെ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അവരുടെ പേര് വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസിലോ ബന്ധപ്പെട്ട അസി. ലേബര്‍ ഓഫീസിലോ നല്‍കേണ്ടതാണെന്നും അറിയിച്ചു. ഈ മാസം ജില്ലാതലത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് നോക്കുകൂലി നിര്‍മ്മാര്‍ജനം സംബന്ധിച്ച് ബോധവത്കരണം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.