പ്രണാമങ്ങളോടെ വിട

Tuesday 5 June 2018 3:29 am IST

കൊച്ചി: നിറഞ്ഞുകത്തുന്ന നിലവിളക്കിനപ്പുറം ആ വലിയ സിന്ദൂരപ്പൊട്ട് തെളിഞ്ഞ് നിന്നു. പക്ഷേ, ആ പൊട്ടിനു താഴെ ഇത്രനാള്‍ സചേതനമായി നിന്ന ലീലാ മേനോന്‍ എന്ന പഞ്ചാക്ഷരി ഇനി... നിശബ്ദം.... നിശ്ചലം...എറണാകുളം ടൗണ്‍ഹാളിന് പുറത്ത് മഴ തീര്‍ത്ത നിലയ്ക്കാത്ത സിംഫണി സാക്ഷിയായി ദിനപ്പത്രങ്ങളുടെ ചരിത്രത്തിലെ ഏക വനിതാ ചീഫ് എഡിറ്റര്‍ക്ക്, ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ ലീലാ മേനോന് കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആരാധകര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍, ആ സ്‌നേഹത്തിന്റെയും എഴുത്തിന്റെയും ചൂടറിഞ്ഞവര്‍ അവസാനമായി കാണാന്‍ ഒഴുകിയെത്തി. ചിലര്‍ കണ്ണീരണിഞ്ഞു, ചിലര്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു. പിന്നെ, ആ പാദങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചു. 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുഭാഷ രചിച്ച ആ വലിയ മാധ്യമപ്രവര്‍ത്തക ഇനി ഓര്‍മ്മ. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ഇനി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവരില്ല. വലിയ വട്ടപ്പൊട്ട് തൊട്ട ആ മുഖം മാഞ്ഞു. 

ഞായറാഴ്ച രാത്രി അന്തരിച്ച ലീലാ മേനോന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ ഇന്നലെ രാവിലെ 10 മണിയോടെ പൊതുദര്‍ശനത്തിന് വെച്ചു. ഇടയ്ക്കിടെ പൊട്ടിക്കരച്ചിലുകള്‍, സാഹസിക ജേര്‍ണലിസത്തെക്കുറിച്ചുള്ള വാതോരാത്ത സംസാരങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വാര്‍ത്തയിലൂടെ നടത്തിയ പോരാട്ടങ്ങള്‍, പത്രപ്രവര്‍ത്തകയ്ക്കപ്പുറമുള്ള ഒരു മനുഷ്യസ്‌നേഹിയുടെ കഥ.... തന്നെക്കുറിച്ച് എല്ലാവരും പറഞ്ഞ നല്ല കാര്യങ്ങള്‍ കേട്ടായിരിക്കാം, ലീലാമേനോന്‍ വിടപറഞ്ഞത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.ജെ.എസ്. ജോര്‍ജ്ജ്, എം.കെ. ദാസ്, സെബാസ്റ്റിയന്‍ പോള്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ്, കെഎംആര്‍എല്‍ എംഡി എ.പി. എം. മുഹമ്മദ് ഹനീഷ്, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി. മോഹന്‍, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, ശ്രീമൂലനഗരം മോഹന്‍ ദാസ്, ഫാ. പോള്‍ തേലക്കാട്, എം.എം. ലോറന്‍സ്, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നിബഹനാന്‍, എം.കെ. കുഞ്ഞോല്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ്കുമാര്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ജന്മഭൂമിക്ക് വേണ്ടി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി തുടങ്ങി മാധ്യമങ്ങളുടെ പ്രതിനിധികളും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ലീലാ മേനോന്റെ ഭര്‍ത്താവ് ഭാസ്‌കര മേനോന്റെ സഹോദരിയുടെ മകന്‍ എം. ജയകുമാറാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.