ഓരോരുത്തരും ഭൂപാലകരാണ്‌

Tuesday 5 June 2018 8:12 am IST
പരിസ്ഥിതിനാശം മൂലം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. പരിസ്ഥിതി നാശംകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു.കാലാവസ്ഥാ വ്യതിയാനം വിവിധ രോഗങ്ങളും പകര്‍ച്ച വ്യാധികളും സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ആ വാര്‍ത്ത വന്നത്. ഹിമാലയത്തില്‍ നിന്നും എട്ട് ടണ്‍ മാലിന്യം ചൈനാക്കാര്‍ നീക്കംചെയ്തു. അതില്‍ രണ്ടു ടണ്ണും മനുഷ്യവിസര്‍ജ്യമായിരുന്നു. ഹിമാലയത്തില്‍ കയറുംപോലെ തന്നെ ദുഷ്‌ക്കരമായിരുന്നു ഈ മാലിന്യ നീക്കവും. സാഹസികമായ പുണ്യയാത്രയെന്നു പോലും പറയപ്പെടുന്ന ഹിമാലയന്‍ യാത്രയില്‍ അതിസാഹസികമായി ഇത്രയും മാലിന്യം ചുമന്ന് അവിടെക്കൊണ്ടുപോയത് സമ്മതിക്കണം!ജൂണ്‍ അഞ്ചിന് വലിയ വായില്‍ പരിസ്ഥിതി സംരക്ഷണം പറയുകയും അടുത്ത മുന്നൂറ്റി അറുപത്തി നാലുദിവസവും മൗനംപൂണ്ടിരിക്കുകയും വീണ്ടും ജൂണ്‍ അഞ്ചിന് പരിസ്ഥിതി സംരക്ഷണത്തിനു സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നവരാണ് നമ്മളെന്ന് പറയാതെ വയ്യ.

പരിസ്ഥിതിനാശം മൂലം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. പരിസ്ഥിതി നാശംകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു.കാലാവസ്ഥാ വ്യതിയാനം വിവിധ രോഗങ്ങളും പകര്‍ച്ച വ്യാധികളും സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രത്തലവന്മാര്‍ ഒത്തുകൂടി ഉച്ചകോടിയെന്നു പേരിട്ടുവിളിക്കുന്ന ആഡംബരയോഗങ്ങളിലെ പൊള്ളയായ വാഗ്ദാനങ്ങള്‍കൊണ്ടൊന്നും തീര്‍ക്കാവുന്നവയല്ല പരിസ്ഥിതി നാശം. ഇത്തരം ഉച്ചകോടി തീരുമാനങ്ങളില്‍നിന്നും സ്വകാര്യ ലാഭത്തിനായി ചില രാഷ്ട്രങ്ങള്‍ സൂത്രത്തില്‍ പിന്‍മാറുന്നതും പതിവാണ്. ഇതിലേറേയും അമേരിക്കയാണ്.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വന്നതോടുകൂടി  ഈസൂത്രങ്ങള്‍ക്ക് വേഗത ഏറുകയും ചെയ്തു. വില്ലനായി മാറിക്കൊണ്ടിരുന്ന ഉത്തരകൊറിയ ആണവ പരീക്ഷണശാല, സമാധാന ശ്രമങ്ങളുടെ ഭാഗമായി സ്വയം സ്‌ഫോടനം നടത്തി നശിപ്പിച്ചശേഷം നേരത്തെ നടത്താമെന്നുറപ്പു നല്‍കിയ കൂടിക്കാഴ്ചയില്‍നിന്നും  പൊടുന്നനെ മുഖം തിരിക്കുകയാണ് ട്രംപ് ചെയ്തത്. എങ്കിലും ജൂണ്‍ 12നു തന്നെ ഒത്തുകൂടാമെന്ന് പിന്നീട് സമ്മതിച്ചു. അവസരവാദപരമായ ഇത്തരം പിന്‍മാറ്റങ്ങള്‍ സാധാരണമാണ്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രത്തലവന്മാരോ ഏജന്‍സിയോ മാത്രം വിചാരിക്കണം പരിസ്ഥിതി മലിനീകരണം മാറാന്‍ എന്നുധരിക്കുന്നത് മൗഢ്യമാണ്. ഓരോ രാജ്യത്തേയും പൗരന്മാരുടെ കടമയാണ് സ്വന്തം ആവാസ വ്യവസ്ഥ സംരക്ഷിക്കുകയെന്നത്.

 ഇക്കഴിഞ്ഞിടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച തമിഴ്‌നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ ഉണ്ടായ പോലീസ് വെടിവെപ്പു ദുരന്തം ഇത്തരം പരിസ്ഥിതി സംരക്ഷിച്ചു ജീവിക്കാന്‍വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തിനിടെ ഉണ്ടായതായിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ വ്യവസായ സ്ഥാപനത്തില്‍ നിന്നുമുണ്ടായ വന്‍ മലിനീകരണംമൂലം ആ പ്രദേശം മുഴുവനും വിഷമയമായപ്പോഴാണ് ജനം സമരത്തിനിറങ്ങിയത്. പതിറ്റാണ്ടുകള്‍ തുടര്‍ന്ന സമരം മാറിമാറി വന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കാതായപ്പോഴാണ് വലിയ ജനമുന്നേറ്റം ഉണ്ടായതും പോലീസിനു ഹാലിളകിയതും. കമ്പനി അടച്ചു പൂട്ടാന്‍ ഉത്തരവായിട്ടുണ്ട്. പക്ഷേ  പതിമൂന്നുപേരുടെ ജീവന്‍ അതിനുവേണ്ടി ബലിയാടായി. ഇത് ഭരണകൂടം വരുത്തിവെച്ച ദുരന്തമാണ്. ജനങ്ങള്‍ക്കു ജീവിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായെന്ന് സര്‍ക്കാരിനു മനസിലാക്കാന്‍ ഇത്രയും മനുഷ്യരുടെ ജീവന്‍പോകണമായിരുന്നോ.

ഇത്തരം മലിനീകരണ പ്രശ്‌നങ്ങള്‍ കേരളത്തിലുടനീളമുണ്ട്. അത് പ്രാദേശികമായിമാത്രം കാണുന്നതുകൊണ്ടാണെന്നു തോന്നുന്നു പലപ്പോഴും ഒതുങ്ങിപ്പോകുന്നതും സര്‍ക്കാര്‍ ശ്രദ്ധിക്കാത്തതും. കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ പ്രശ്‌നം ഇത്തരത്തിലൊന്നാണ്. നാളുകളായി ജനം അവിടെ ജീവന്‍മരണ പോരാട്ടത്തിലാണ്. ഓഹരിയില്‍ മേല്‍ക്കോയ്മയുള്ള ഈ  വിദേശക്കമ്പനിയുടെ പ്രവര്‍ത്തനംമൂലം ഇവിടത്തെ പുഴയും കാടും കുളവും കിണറുമൊക്കെ വിഷമയമാണ്. അയ്യായിരത്തിലധികം കിണറുകളില്‍ നാലായിരത്തിലേറെ കിണറുകളും വിഷലിപ്തമായിക്കഴിഞ്ഞു. ആ പ്രദേശമാകെ ദുര്‍ഗന്ധമാണ്. ഭക്ഷണംപോലും കഴിക്കാന്‍ പറ്റുന്നില്ല. വിവാഹംപോലും നടക്കാത്ത അവസ്ഥ. ഈ അന്തരീക്ഷത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്.

പരിസ്ഥിതിക്കു നാശംവരുത്തി മുന്നേറുന്ന മാഫിയാ പ്രവര്‍ത്തനത്തിനെതിരെ ഒരു നേര്‍ച്ചപോലെ പ്രതിഷേധങ്ങളോ സമരങ്ങളോ നടത്തുമ്പോഴും അതു പാഴായിപ്പോകുന്ന കാഴ്ചയാണിപ്പോള്‍. ഇത്തരം നാശത്തിന് മറ്റുള്ളവരെ പഴിചാരി രക്ഷപെടാനാവില്ല. അന്യന്റെ പറമ്പിലേക്കു വലിച്ചെറിയാനുള്ളതാണ് സ്വന്തം വീട്ടിലെ മാലിന്യം എന്നു വിശ്വസിക്കുന്ന നമുക്കെങ്ങനെയാണ് പരിസ്ഥിതിയെ സംരക്ഷിക്കാനാവുക. ഇരുട്ടിലും മറയത്തും പൊതു നിരത്തില്‍ മാലിന്യം കളയാന്‍ വണ്ടിയോടിച്ചു പോകുന്നവരെങ്ങിനെ ഭൂമിയുടെ സംരക്ഷകരാകും .പ്രസംഗിച്ചും കവിത എഴുതിയും പരിസ്ഥിതി സംരക്ഷിക്കാമെന്ന വ്യാമോഹമാണ് നമുക്കിപ്പോഴും. വനമഹോത്സവങ്ങളിലും അല്ലാതേയും ലക്ഷക്കണക്കിനു മരങ്ങള്‍ നട്ടശേഷം അവ ആടു കടിച്ചോ പശുതിന്നോ പോകുന്ന അവസ്ഥ.

ഒന്നിനും തുടര്‍ സംരക്ഷണം ഇല്ലായ്മ വലിയൊരു പ്രശ്‌നമാണ്. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയും ചിത്രങ്ങളും വരാന്‍വേണ്ടി മാത്രം പരിസ്ഥിതി സംരക്ഷകരായി മാറുന്നവരുമുണ്ട്. ഒളിക്യാമറവെച്ച് മാലിന്യമിടുന്നവരെ പിടിക്കാനും മറ്റും മാത്രമായി സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ സംവിധാനം ഒതുങ്ങുന്നു. മനുഷ്യരെപ്പോലെ മൃഗങ്ങളേയും മരങ്ങളേയും പക്ഷികളേയും മറ്റും സംരക്ഷിച്ചിരുന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ഭൂപാലകന്‍ എന്നാണ് രാജാക്കന്മാരെ പണ്ട് വിളിച്ചിരുന്നത്. ഓരോരുത്തരും ഭൂപാലകരെന്നു സ്വയം വിളിച്ചുപറയാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ ഈ പരിസ്ഥിതി ദിനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.