ഷില്ലോങിൽ സംഘര്‍ഷം രൂക്ഷമാകുന്നു; കൂടുതൽ സൈനികരെ വിന്യസിച്ചു

Tuesday 5 June 2018 8:42 am IST

ഗുവാഹത്തി: ഷില്ലോങിൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ  കേന്ദ്രം കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു. ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സിഖ് വനിതയും ബസ് ഡ്രൈവറായ ഖാസി വിഭാഗക്കാരനും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് വലിയ കലാപത്തിന് കാരണമായത്. നിരോധനാജ്ഞ മറികടന്നും വ്യാപകമായ അക്രമാണ് ഷില്ലോങില്‍ നടക്കുന്നത്.

വ്യാഴാഴ്ചയാരംഭിച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. 10 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ ഷില്ലോങിലേക്ക് അയക്കും.

ഖാസി വിഭാഗക്കാരും സിഖുകാരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. ജൂണ്‍ ഒന്നിനാണ് ലുംഡിങ്ഗ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 7 മണിക്കൂറോളം കര്‍ഫ്യൂവില്‍ അയവ് വരുത്തിയിരുന്നു. ഇതോടെ ജനക്കൂട്ടം സുരക്ഷാ സേനക്ക് നെരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് കര്‍ഫ്യൂ വീണ്ടും നീട്ടിയത്.

സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ പ്രക്ഷോഭത്തിന് ധനസഹായം ചെയ്യുന്നവരുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വ്യക്തമാക്കി. ഗുരുദ്വാര അശുദ്ധമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഷില്ലോങിലെ സിഖ് സമുദായ നേതാവ് ഗുരുജിത് സിംഗ് തള്ളി. ആക്രമണത്തെക്കുറിച്ച്‌ കിംവദന്തികള്‍ നിഷേധിച്ച്‌ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.