തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: നിയമസഭയില്‍ ബഹളം

Tuesday 5 June 2018 11:09 am IST

തിരുവനന്തപുരം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ ബഹളം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്. കേസില്‍ ഉന്നത ഇടപെടലുണ്ടായി എന്ന്  ചെന്നിത്തല ആരോപിച്ചു. പോലീസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. 

പ്രതികാര നടപടിയുടെ ഭാഗമായാണ് തിയേറ്റര്‍ ഉടമയെ പോലീസ് കേസില്‍ കുടുക്കിയത്. പെണ്‍കുട്ടിയെ പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത് തീയറ്റര്‍ ഉടമയാണ്. ഇല്ലെങ്കില്‍ ഈ സംഭവം പുറംലോകമറിയില്ല. തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ദിവസംതോറും പോലീസ് വീഴ്ചകളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ അറസ്റ്റ് സംബന്ധിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) താന്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും നിലവില്‍ ഇത് സംബന്ധിച്ച ഫയല്‍ തന്റെ മുന്‍പില്‍ എത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ചല്ല കേസില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. പോലീസ് ഇരകള്‍ക്കൊപ്പമാണെന്നും അറസ്റ്റ് നിയമപരമാണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പോലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ പ്രതിപക്ഷം സഭയില്‍ ബഹളംവച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന്റെ മുന്‍പിലെത്തിയും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.