പി.ചിദംബരത്തെ എന്‍‌ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തു

Tuesday 5 June 2018 12:01 pm IST

ന്യൂദല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ന്യൂദല്‍ഹിയിലെ ഇഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേസ് പരിഗണിക്കുന്നത് ജൂലൈ പത്തിലേക്ക് മാറ്റിയ പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ കേസിലും അന്നാണ് വാദം. 

മുന്‍കൂര്‍ ജാമ്യത്തിനായി ഏതാനും ദിവസം മുന്‍പാണ് ചിദംബരം കോടതിയെ സമീപിച്ചത്. ഇതില്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് മറുപടി തേടി. സമന്‍സ് അയച്ചിട്ടും ചിദംബരം ഹാജരായില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിതേഷ് റാണ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. തെളിവുകള്‍ രേഖകളുടെ രൂപത്തിലാണെന്നും അവ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും വിശദീകരിച്ച ചിദംബരം തന്റെ കയ്യില്‍നിന്നും ഒന്നും കണ്ടെടുക്കാനില്ലെന്നും അവകാശപ്പെട്ടു. 

 ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപത്തിന് അനുമതി ലഭിക്കാന്‍ അഴിമതി നടത്തിയെന്നാണ് കേസ്. ഇതില്‍ കാര്‍ത്തി ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരം വഴിവിട്ട് പ്രവര്‍ത്തിച്ചതായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡി (എഫ്‌ഐപിബി)ല്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തുടങ്ങിയവര്‍ മൊഴി നല്‍കിയിരുന്നു. 2006ല്‍ 3500 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എയര്‍സെല്‍ അനുമതി ചോദിച്ചത്. 600 കോടി രൂപക്ക് മുകളിലുള്ള വിദേശ നിക്ഷേപത്തിന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയാണ് അനുമതി നല്‍കേണ്ടത്. സമിതിക്ക് മുന്‍പാകെയെത്തുന്നത് തടയാന്‍ 180 കോടി രൂപയുടെ  അപേക്ഷയാക്കി കുറച്ച് ധനമന്ത്രാലയം തന്നെ അനുമതി നല്‍കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.