ഗുജറാത്തിൽ യുദ്ധവിമാനം തകർന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു

Tuesday 5 June 2018 12:23 pm IST

അഹമ്മദാബാദ് :  ഗുജറാത്തിലെ കച്ചില്‍ ഇന്ത്യന്‍ വ്യോമസേനയുടെ  ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. രാവിലെ 10.30ന്  ജാംനഗറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം.  പതിവു പരിശീലനത്തിലേര്‍പ്പെട്ടിരുന്ന എയര്‍ കമഡോര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്.   കച്ചിനടുത്ത് മുന്‍ഡ്രയിലെ ബേരേജാ ഗ്രാമത്തില്‍  വയലില്‍ തകര്‍ന്നു വീണ വിമാനം ഇടിച്ച്  മേഞ്ഞു കൊണ്ടിരുന്ന കന്നുകാലികള്‍ക്കും ജീവഹാനിയുണ്ടായി.  എഞ്ചിന്‍ തകരാറോ, പക്ഷി ഇടിച്ചതോ ആകാം അപകട കാരണമെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച്  അന്വേഷിക്കാന്‍   ഉത്തരവിട്ടു. 

ഇരട്ട എഞ്ചിനുകളോടു കൂടിയ,  ഉപരിതല ആക്രണത്തിന് രൂപപ്പെടുത്തിയ  വിമാനം ബോംബാക്രമണ വേളയില്‍ ശത്രുസൈന്യത്തിലേക്ക് തുളച്ചു കയറാന്‍ പര്യാപ്തമാണ്. ശബ്ദവേഗത്തേക്കാള്‍ മൂന്നിരിട്ടിയാണ് ഇതിന്റെ വേഗം. അതായത് മണിക്കൂറില്‍ 1,350 കിലോമീറ്റര്‍ .നാലുദശകത്തോളം പഴക്കമുണ്ട് ഈ വിമാനത്തിന്. 

അസാമിലെ മജൗലിയില്‍ ഒരു വ്യോമസേനാ വിമാനം തകര്‍ന്നു വീണ് മാസങ്ങള്‍ക്കകമാണ് വീണ്ടുമൊരു അപകടമുണ്ടായിരിക്കുന്നത്. വിങ്ങ് കമാന്‍ഡര്‍മാരായ ജെ. ജെയിംസ്, വി. വത്സ്  എന്നീ പൈലറ്റുമാര്‍ അന്ന് അപകടത്തില്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.