സുനന്ദയുടെ മരണം: തരൂരിനെതിരെ തെളിവുണ്ട്, വിചാരണ നേരിടണം

Tuesday 5 June 2018 2:57 pm IST
തരൂര്‍ ജൂലൈ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വിധി അംഗീകരിച്ചത്. ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവുമാണ് തരൂരിനെതിരെയുള്ള കുറ്റങ്ങള്‍.

ന്യൂദല്‍ഹി: ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി വിചാരണ നേരിടണമെന്ന് കോടതി. ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍, ജൂലൈ ഏഴിന് ഹാജരാകാനാവശ്യപ്പെട്ട്, തരൂരിന് സമന്‍സ് അയച്ചു. സുനന്ദയുടെ മരണത്തിന് നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാപ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കേസ്. പത്തു വര്‍ഷം വരെ തടവു  ലഭിക്കാം. 2014 ജനുവരി പതിനേഴിനാണ് ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തരൂരിനെ പ്രതിയായി പരിഗണിച്ച് സമന്‍സ് അയയ്ക്കണോയെന്നാണ് ഇന്നലെ കോടതി പരിശോധിച്ചത്. കേന്ദ്രം രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന് ആരോപിച്ചിരുന്ന കോണ്‍ഗ്രസ്സിനും തരൂരിനും കനത്ത തിരിച്ചടിയാണ് കോടതി നടപടി.

 കുറ്റപത്രവും രേഖകളും വിശദമായി പരിശോധിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടറുടെ വാദങ്ങളും കേട്ടു. തരൂരിനെതിരെ വിചാരണ നടപടികള്‍ തുടരുന്നതിനാവശ്യമായ സാഹചര്യം നിലനില്‍ക്കുന്നതായി കോടതി വ്യക്തമാക്കി. മാനസികമായും ശാരീരികരമായും തരൂര്‍ പീഡിപ്പിച്ചെന്നാണ് മൂവായിരം പേജുള്ള കുറ്റപത്രത്തിലുള്ളത്. അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചാണ് സുനന്ദ ആത്മഹത്യ ചെയ്തത്. തരൂരിനെതിരെ മതിയായ തെളിവുകളുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. കൊച്ചിയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

 നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പാവ പറഞ്ഞു. കുറ്റപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് പഠിച്ച ശേഷം തീരുമാനമെടുക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അദ്ദേഹം പറഞ്ഞു. 

2010 ആഗസ്റ്റ് 22നാണ് തരൂരും സൂനന്ദയും വിവാഹിതരായത്.  ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മരണത്തിന് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി ആത്മഹത്യക്ക് ഒന്‍പത് ദിവസം മുന്‍പ് തരൂരിന് സുനന്ദ അയച്ച ഇ മെയില്‍ മരണമൊഴിയായി കണക്കാക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. സുനന്ദയുടെ ഫോണ്‍കോളുകളും മെയിലുകളും   തരൂര്‍ ഗൗനിച്ചില്ല.  കേസിലെ ഹര്‍ജിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരായിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.