2022 ല്‍ എല്ലാവര്‍ക്കും വീട്: മോദി

Tuesday 5 June 2018 4:57 pm IST
2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നിറവേറ്റാനായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന (പിഎംഎവൈ-ജി) പദ്ധതിയുടെ ഗുണഭോക്താക്കളുമായി നമോ ആപ്പിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂദല്‍ഹി : 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നിറവേറ്റാനായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന (പിഎംഎവൈ-ജി) പദ്ധതിയുടെ ഗുണഭോക്താക്കളുമായി നമോ ആപ്പിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവാസ് യോജന പദ്ധതി ചുടുകട്ടയും കുമ്മായക്കൂട്ടും മാത്രമല്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അവരുടെ സ്വപ്നങ്ങള്‍  സാക്ഷാത്കരിക്കാനുമുള്ള പദ്ധതിയാണ്. സ്വാതന്ത്രം കിട്ടി 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2022 ല്‍ എല്ലാ ഇന്ത്യാക്കാരനും വീട് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എന്‍ഡിഎ അധികാരത്തിലിരുന്ന നാലുവര്‍ഷം കൊണ്ട് ഒരു കോടി വീടുകള്‍ പൂര്‍ത്തിയാക്കി. മുമ്പ് 75,000 രൂപ വരെ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 1.30 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിപിഎല്‍ ലിസ്റ്റില്‍ നിന്നായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി, സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി, അഴിമതിയില്ലാതെ, ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ, വീട് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു.

കൂടുതല്‍ സ്ത്രീകള്‍ക്കും ദിവ്യാംഗനര്‍ക്കും, എസ്‌സി, എസ്ടിക്കാര്‍ക്കും ഒബിസിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വീട് ഉറപ്പാക്കുന്നതില്‍ ശ്രദ്ധിക്കും. ആവാസ് യോജന വഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വേഗത്തിലും ഗുണനിലവാരത്തിലും വീടുകള്‍ നിര്‍മിച്ചുനല്‍കാനായി നൈപുണ്യവികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. മദ്യപാനവും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.