ഓര്‍ത്തഡോക്‌സ് സഭയുടെ പോക്ക് അപകടകരമെന്ന് വിശ്വാസികള്‍

Wednesday 6 June 2018 1:06 am IST
രാഷ്ട്രീയ പശ്ചാത്തലവും വ്യക്തിപരമായ സംഭാവനകളും അവലംബിച്ചായിരുന്നു അവര്‍ മത്സരിച്ചിരുന്നത്. അത്തരം അടിസ്ഥാനമൊന്നുമില്ലാത്തവര്‍ ഇന്നു മലങ്കരസഭയെ ചട്ടുകമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തങ്ങളുടെ വോട്ട് ബാങ്ക് ആക്കി സഭയെ മാറ്റുമ്പോഴാണ് സഭയെക്കുറിച്ചുള്ള ആശങ്ക പ്രസക്തമാകുന്നത്.

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അന്ധമായി പിന്തുണച്ചതിനെ ചൊല്ലി ഓര്‍ത്തഡോക്‌സ് സഭയില്‍ പൊട്ടിത്തെറി.  സഭയുടെ പോക്ക് അപകടകരമാണെന്ന വിമര്‍ശനവുമായി സഭാ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ പരസ്യമായി രംഗത്തെത്തി. മലങ്കര സഭയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ രാഷ്ട്രീയ ധ്രുവീകരണവും ഇടപെടലുമാണ് ഇത്തവണ ചെങ്ങന്നൂരില്‍ സംഭവിച്ചതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മറ്റിയംഗം അലക്‌സ് ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. നിരവധി വിശ്വാസികളാണ് ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. 

  അലക്‌സ് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''തെരഞ്ഞെടുപ്പുകളും രാഷ്ട്രീയവും മുമ്പും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പലരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. അവര്‍ മലങ്കര സഭാംഗങ്ങളാണെന്നതു അവര്‍ക്കോ, സഭയ്‌ക്കോ, വോട്ടര്‍മാര്‍ക്കോ ഒരു വിഷയം അല്ലായിരുന്നു. 

  രാഷ്ട്രീയ പശ്ചാത്തലവും വ്യക്തിപരമായ സംഭാവനകളും അവലംബിച്ചായിരുന്നു അവര്‍ മത്സരിച്ചിരുന്നത്. അത്തരം അടിസ്ഥാനമൊന്നുമില്ലാത്തവര്‍ ഇന്നു മലങ്കരസഭയെ ചട്ടുകമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തങ്ങളുടെ വോട്ട് ബാങ്ക് ആക്കി സഭയെ മാറ്റുമ്പോഴാണ് സഭയെക്കുറിച്ചുള്ള ആശങ്ക പ്രസക്തമാകുന്നത്. 

  സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. പുരോഹിതര്‍ സ്വന്തമായി രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടെങ്കിലും അതു പുറത്തു കാണിച്ചിരുന്നില്ല. മറ്റു ചില സഭകളെപ്പോലെ ഇടയലേഖനങ്ങള്‍ ഇറക്കി കുഞ്ഞാടുകളെ രാഷ്ട്രീയ ധ്രുവീകരണം നടത്തുന്ന പണി മലങ്കരസഭയ്ക്ക് ഇല്ലാതിരുന്നതിനാല്‍ നാണം കെടാതെ എന്നും സഭ രക്ഷപ്പെട്ടിരുന്നു. 

  എന്നാല്‍ കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ ഇതെല്ലാം തകിടംമറിഞ്ഞു. കക്ഷി രാഷ്ട്രീയത്തില്‍ വൈദികര്‍ ഇടപെട്ടതു പോകട്ടെ, ജയിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ ജീപ്പിനുമുകളില്‍ കയറി ആനന്ദനൃത്തം ആടിയ പുരോഹിതന്‍ മലങ്കര സഭയെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളേയുമാണ് അപമാനിച്ചത്. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവം. (ആറന്‍മുളയിലെ ഇടതുസ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ വിജയമാണ് വൈദികര്‍ ഇത്തരത്തില്‍ ആഘോഷിച്ചത്). ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മലങ്കരസഭയിലെ ഒരു വിഭാഗം വൈദികര്‍ ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി അഴിഞ്ഞാടുകയായിരുന്നു. 

  ആര്‍ക്കാണ് ഈ രാഷ്ട്രീയക്കളിയില്‍ ലാഭം ഉണ്ടായത്? തീര്‍ച്ചയായും സഭയ്ക്കല്ല. വ്യക്തമായ കോടതി വിധി നടപ്പാക്കി കിട്ടുവാന്‍ സഭയ്ക്ക് ഭരണകക്ഷിയുടെ കാലുപിടിക്കേണ്ട കാര്യമില്ല. 

   ഈ നാണംകെട്ട രാഷ്ട്രീയക്കളിയില്‍ മുഖം നഷ്ടപ്പെട്ടത് സഭയ്ക്കു മാത്രമാണ്. മുമ്പ് മുഖ്യമന്ത്രിമാരടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സമയം ചോദിച്ചു ദേവലോകത്തുവന്നു മുഖം കാണിച്ചിരുന്ന സ്ഥാനത്ത് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ സമയവും സൗകര്യവും നോക്കി അവരെ പോയി കാണേണ്ട ഗതികേട് സഭയ്ക്കു വന്നിരിക്കുന്നു'' അദ്ദേഹം വിമര്‍ശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.