കേന്ദ്രത്തിന്റെ 102 കോടി കൈയിലുള്ളപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം പ്രതിസന്ധിയില്‍

Wednesday 6 June 2018 1:07 am IST
കേന്ദ്ര സര്‍ക്കാര്‍ എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി രൂപീകരിച്ചെങ്കിലും കേരളത്തില്‍ പദ്ധതി തുടങ്ങാനായില്ല. ഇത് മൂലം കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം മുടങ്ങിയിരിക്കുകയാണ്.

കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഹൈടെക് വിദ്യാഭ്യാസ സൗകര്യങ്ങളില്‍ മതിമറക്കുമ്പോള്‍ ഒരു ലക്ഷത്തിലേറെ  ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം പ്രതിസന്ധിയില്‍. പുതിയ അധ്യയന വര്‍ഷത്തില്‍ അധ്യാപകരും പഠനോപകരണങ്ങളും ഇല്ലാതെ കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് അധ്യാപകരുടെ നിയമനം മുടങ്ങിയതാണ് കാരണം. 

കേന്ദ്ര സര്‍ക്കാര്‍ എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി രൂപീകരിച്ചെങ്കിലും കേരളത്തില്‍ പദ്ധതി തുടങ്ങാനായില്ല. ഇത് മൂലം കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം മുടങ്ങിയിരിക്കുകയാണ്. അധ്യാപകരുടെ ശമ്പളത്തിനും പഠനോപകരണങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 102 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിക്കുകയും മെയ് 11ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അംഗീകാരം കൊടുക്കുകയും ചെയ്തു. എന്നാല്‍ സമഗ്ര ശിക്ഷാ അഭിയാന്‍ നടപ്പാക്കാത്തതിനാല്‍ പദ്ധതി മുടങ്ങി. 

ഒന്ന് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലായി 1.20 ലക്ഷം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്കായി 2100 അധ്യാപകരെയാണ് നിയമിക്കേണ്ടത്. സാധാരണ ഏപ്രില്‍ മാസത്തില്‍ തന്നെ ഇവരുടെ കരാര്‍ പുതുക്കി നല്‍കും. കുട്ടികളുടെ വിവിധ ക്യാമ്പുകള്‍, വീട്ടില്‍ ഇരുന്ന് പഠിക്കുന്ന കുട്ടികളുടെ പരിശീലനം, ഫിസിയോതെറാപ്പി, ഓട്ടിസം സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, പുതിയ കുട്ടികളെ കണ്ടെത്താനുളള സര്‍വ്വെ ഇതെല്ലാം അവധിക്കാലത്താണ് നടക്കുന്നത്. സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ പുതിയ കുട്ടികളെ കണ്ടെത്താനും സാധിച്ചില്ല. ഇവര്‍ വീടുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുകയാണ്. സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.