സ്‌കൂള്‍ വികസനത്തിന് സംഭാവന സ്വീകരിക്കാം: ഡിപിഐ

Wednesday 6 June 2018 1:09 am IST
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ആവശ്യമായ തുക വകയിരുത്തിയുള്ള ബജറ്റ് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുമതി വാങ്ങുകയും പ്രധാനാധ്യാപകര്‍ അതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തന മികവിന് തദ്ദേശസ്ഥാപനങ്ങളുടെ പരിഗണനയും ഫണ്ടും വിനിയോഗിക്കുന്ന കാര്യം ഡിപിഐ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായിരുന്നു.

തിരുവനന്തപുരം: സ്‌കൂളുകളുടെ വികസനത്തിന് പൂര്‍വവിദ്യാര്‍ത്ഥികള്‍, സ്‌പോണ്‍സര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍  സ്വീകരിക്കുന്നതിന് അനുമതി നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഇത്തരം സംഭാവനകള്‍ സ്വീകരിക്കേണ്ടതും സംഭാവന നല്‍കാന്‍ തയാറുള്ളവരെ കണ്ടെത്തുന്നതും അധ്യാപക രക്ഷാകര്‍തൃസമിതിയുടെ അറിവോടെ ആയിരിക്കണം. 

ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ആവശ്യമായ തുക വകയിരുത്തിയുള്ള ബജറ്റ് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുമതി വാങ്ങുകയും പ്രധാനാധ്യാപകര്‍ അതിനുള്ള ശുപാര്‍ശ  സമര്‍പ്പിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തന മികവിന് തദ്ദേശസ്ഥാപനങ്ങളുടെ പരിഗണനയും ഫണ്ടും വിനിയോഗിക്കുന്ന കാര്യം ഡിപിഐ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായിരുന്നു. 

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ധാരാളം ഫണ്ട് നീക്കി വച്ചിട്ടുണ്ടെന്നാണ് പൊതു ധാരണ എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അതേസമയം പൊതുവെ നിര്‍ധനരായവരില്‍ നിന്ന് പണം പിരിച്ചെടുക്കുന്നതും ബുദ്ധിമുട്ടാണ്. ചേര്‍ത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് നടന്ന പിരിവ് എടുപ്പിച്ച കാര്യം കമ്മീഷന്‍ എടുത്തു പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഫണ്ട് സമാഹരിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റെയും കാര്യത്തില്‍ വ്യക്തമായ നയം രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പിരിവ് നടത്തുകയോ പിരിവ് നല്‍കാന്‍ കുട്ടികളെയോ രക്ഷാകര്‍ത്താക്കളെയോ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചത്. 

വരവ് ചെലവ് കണക്കുകള്‍ വ്യക്തമായി രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യണമെന്നും സംഭാവന പിരിക്കുന്ന കാര്യത്തില്‍ കുട്ടികളെ ബന്ധപ്പെടുത്തരുതെന്നും ഡിപിഐ ഉത്തരവില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.