തിയേറ്റര്‍ പീഡനം: ചങ്ങരംകുളം എസ്‌ഐ അറസ്റ്റില്‍

Wednesday 6 June 2018 1:11 am IST

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരി  പീഡനത്തിനിരയായ സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബി അറസ്റ്റില്‍. കേസില്‍ നടപടിയെടുത്തില്ലെന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 

നേരത്തെ പോക്‌സോ ചുമത്തി കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകളാണ് എസ്‌ഐക്കെതിരെ ചുമത്തിയിരുന്നത്. എടപ്പാള്‍ തിയേറ്റര്‍ ഉടമ സതീഷിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. 25ന് തിയേറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈനിനു കൈമാറി. 26ന് തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്ലൈന്‍ ചങ്ങരംകുളം പോലീസിന് കൈമാറിയെങ്കിലും സംഭവം വിവാദമായതിന് ശേഷമാണ് കേസെടുക്കാന്‍ പോലീസ് തയാറായത്. പീഡനത്തിനെതിരെ വീഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.